ജാതീയ അധിക്ഷേപം: പഞ്ചായത്ത് അംഗംജിഷ ജോസഫിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

പീരുമേട് :പിന്നോക്ക വിഭാഗത്തിൽപ്പെട്ട വീട്ടമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ജാതീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഏലപ്പാറ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ജിഷ ജോസഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി. അനൂപ് ഉദ്ഘാടനം ചെയ്തു. കാർഷിക വികസന ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജാതീയ അധിക്ഷേപത്തിന് ഇരയായ വീട്ടമ്മയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ നേരിട്ടെത്തി പങ്കെടുത്തു.ജിഷ ജോസഫ് രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
സിപിഐഎം ഏരിയ സെക്രട്ടറി എം.ടി. സജി, ലോക്കൽ സെക്രട്ടറിമാരായ സി. സിൽവെസ്റ്റർ, എസ്. അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ, പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് സരിത സുഭാഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി. പ്രശാന്ത്, പ്രസിഡന്റ് അഫ്സൽ മുഹമ്മദ് എന്നിവർ പ്രതിഷേധത്തിൽ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *