പീരുമേട് : ഏലപ്പാറ – ഹെലിബറിയ – മ്ലാമല വഴി കുമളിയിലേക്കുള്ള പ്രധാന പാത പൂർണ്ണമായും തകർന്നു തരിപ്പണമായി. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡാണ് ഇപ്പോൾ കാൽനടയാത്ര പോലും അസാധ്യമാകും വിധം തകർന്നു കിടക്കുന്നത്. റോഡിലെ വലിയ കുഴികൾ കാരണം ഇതുവഴിയുള്ള ഗതാഗതം കടുത്തദുരിതത്തിലായിരിക്കുകയാണ്.അഞ്ച് വർഷം മുമ്പ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ റോഡാണ് ഇപ്പോൾ യാതൊരു ഉപയോഗത്തിനും കൊള്ളാത്ത നിലയിലായിരിക്കുന്നത്. പ്രതിദിനം അഞ്ചോളം ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന സുപ്രധാന പാതയാണിത്. അഞ്ചോളം പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ റോഡ്, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയെയും വാഗമണ്ണിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ വഴി കൂടിയാണ്.
പീരുമേട് താലൂക്കിൽ പൊതുമരാമത്ത് വകുപ്പ് റോഡുകൾ താരതമ്യേന കുറവായതിനാൽ ഈ പാത സർക്കാർ ഏറ്റെടുത്ത് നവീകരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എ-യോട് ആവശ്യപ്പെട്ടപ്പോൾ അനുകൂല നിലപാടാണ് ലഭിച്ചതെന്നും, ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും കൂട്ടായ ഇടപെടലിലൂടെ വിഷയം പരിഹരിക്കാൻ സാധിക്കുമെന്നും നാട്ടുകാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
