തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണം; ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷികൾ

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രൂപപ്പെട്ട ആഭ്യന്തര ഭിന്നതകളിൽ വിശദീകരണം വേണമെന്ന ആവശ്യവുമായി ബി.ജെ.പി സഖ്യകക്ഷികൾ. ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി ഇടപെടണമെന്നാണ് എൻ.ഡി.എ മുന്നണിയിലെ പ്രധാന പാർട്ടികളായ ടി.ഡി.പി, എൽ.ജെ.പി-ആർ.വി, ആർ.എൽ.എം എന്നിവരുടെ ആവശ്യം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനങ്ങൾ തങ്ങളുടെ അറിവോടെയല്ലെന്നും നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്തു മാസത്തിനിടെ 14 തവണ രേഖാമൂലം എതിർപ്പറിയിച്ചിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കമ്മീഷനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യകക്ഷികളും നിലപാട് കടുപ്പിക്കുന്നത്.

“സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിൽ, സ്വന്തം നിലപാട് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ ജനങ്ങൾ സംശയിക്കാൻ തുടങ്ങിയാൽ അത് പ്രശ്നകരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോടല്ല, മറിച്ച് പൊതുജനങ്ങളോടാണ് നിലപാട് വ്യക്തമാക്കേണ്ടത്. ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ കമ്മീഷൻ ദൂരീകരിക്കണം,” എന്ന് കേന്ദ്രമന്ത്രിയും എൽ.ജെ.പി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *