പുതിയ സമരമുഖങ്ങള്‍ക്ക് കാലം സാക്ഷിയാകും: ബിനോയ് വിശ്വം

വൈക്കം: ഇന്‍ഡ്യയിലെ കൃഷിക്കാരും തൊഴിലാളികളും നടത്തുന്ന പോരാട്ടങ്ങളുടെ മുഖ്യധാരയിലേക്ക് വിദ്യാര്‍ഥികളും യുവാക്കളും അണിചേര്‍ന്ന് ജനാധിപത്യത്തിന്റെ പുത്തന്‍സമരമുഖം രചിക്കുകയാണെന്ന് എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങളില്ലാതെ പുസ്തകങ്ങളും സോഷ്യല്‍മീഡിയ നല്‍കിയ ആശയവിനിമയ സാധ്യതകളുമായിരുന്നു രാജ്യംകണ്ട ഐതിഹാസികമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമരായുധങ്ങള്‍. സമാധാനപരമായ സമരത്തിന്റെ പുതിയ മുഖങ്ങള്‍ അവര്‍ നമുക്ക് കാണിച്ചുതന്നു. മോഡി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം യുവതയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നിരുപാധികം മുട്ടുമടക്കി. ആ സമരഐക്യം ഇനിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് തെറ്റുപറ്റിയാല്‍ അത് തുറന്നുപറയും, തിരുത്തും. തിരിച്ചുവരുകയും ചെയ്യും. യുഡിഎഫ് ഭരണം കേരളത്തില്‍ ആരംഭിച്ചതേയുള്ളൂ. നാട് ഇരുട്ടിലായി. കഴിഞ്ഞ 10 വര്‍ഷമായി നമ്മള്‍ മറന്ന വാക്കാണ് പവര്‍ കട്ട്. ഇന്ന് സമയകാലങ്ങളില്ലാതെ പവര്‍ കട്ടാണ്. ഇത് ജനജീവിതത്തെയും വ്യാപാരവ്യവസായങ്ങളെയും ആകെ ബാധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖ സ്ഥാനമാണ് കള്ള് ചെത്തിനുള്ളത്. ഒരുപാട് കുടുംബങ്ങളില്‍ അടുപ്പുകളിലെ തീ പുകഞ്ഞതും പട്ടിണി മാറ്റിയതും ചെത്തുതൊഴിലാണ്. ഈ വ്യവസായം അടക്കമുള്ള വ്യാപാരവ്യവസായങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ്. ഇവയെ സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ് ഇടതുപക്ഷക്കാര്‍. അത് എത്രമാത്രം പ്രാവര്‍ത്തികമായി എന്ന് നാം ആത്മപരിശോധധന നടത്തണം. കള്ള് മികച്ച പോഷക പാനീയമാണ്. അത് പ്രചരിപ്പിക്കാനും സംരക്ഷിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ കേവലം യന്ത്രങ്ങളായി മാറുന്ന വര്‍ത്തമാനകാലത്ത് വാക്കുകളും പ്രതികരണങ്ങളും ഉള്ളവരാക്കി സമൂഹത്തെ മാറ്റാന്‍ തൊഴിലാളി പ്രസ്ഥാനത്തിന് കഴിയണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ പ്രസാദ്, ഐഎന്‍ടിയുസി ഫെഡറേഷന്‍ പ്രസിഡന്റ് അജിത് ആറ്റിങ്ങല്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, വൈസ് പ്രസിഡന്റ് സി.കെ ശശിധരന്‍, അഡ്വ. വി.എസ് സുനില്‍കുമാര്‍, കെ.ജി ശിവാനന്ദന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, ജോണ്‍ വി. ജോസഫ്, സി.കെ ആശ, ടി.എന്‍ രമേശന്‍, ആര്‍ സുശീലന്‍, പി.ജി തൃഗുണസെന്‍, കെ.എന്‍ ഗോപി എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം വലിയകവലയിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പതാക ഉയര്‍ത്തി.

ചിത്രവിവരണം

ബിനോയ് വിശ്വം
കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം വൈക്കത്ത് എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *