പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്. നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈകോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ് റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ് ജങ്ഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ആലുവ-പാലാരിവട്ടം പി.ഡബ്ല്യു.ഡി റോഡിലും ഭാഗികമായി വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. സന്ദർശനം പ്രമാണിച്ച് നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമീഷണറേറ്റ് അറിയിച്ചു. വാത്തുരുത്തി മുതൽ തേവര, എം.ജി റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള റൂട്ടിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.
ആലുവയിൽനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി തിരിഞ്ഞുപോകണം.
ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈകോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് ഉപയോഗിക്കണം.
കാക്കനാടുനിന്ന് ഹൈകോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്നർ റോഡിലെത്തി യാത്ര തുടരണം.
തോപ്പുംപടിയിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി പോകണം.
ആലുവയിൽനിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച് 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി പോകണം.
വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്തുനിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി യാത്ര ചെയ്യണം.
വൈപ്പിനിൽനിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട്കൊച്ചി-വൈപ്പിൻ ജങ്കാർ ഉപയോഗിക്കുക.
