തൃശൂർ: കേരളത്തിന്റെ പൊതുരംഗത്തും, സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായി നിലകൊള്ളുന്ന ഇരിങ്ങാലക്കുട എം.എൽ.എ. തോമസ് ഉണ്ണിയാടൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയാവുകയാണ്.
2001ൽ ഇടത് കോട്ടയായ ഇരിങ്ങാലക്കുടയിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം 2006 ലും 2011ലും തുടർച്ചയായി വിജയം നേടിയതിന് ശേഷം ഇപ്പോൾ നാലാമതും റെക്കോർഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിക്കുകയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിന്റെ വിശാലമായ ലോകത്തേക്ക് കടന്നുവന്ന അദ്ദേഹം, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് യൂണിയൻ ചെയർമാനെന്ന നിലയിൽ തന്നെ സഹപാഠികളുടെ ഹൃദയങ്ങളിൽ ഇടം നേടി. പിന്നീട് അദ്ദേഹത്തിന്റെ സൗഹൃദവലയം കൂടുതൽ ആഴവും പരപ്പും കൈവരിച്ചു. കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിക്കുകയും സൗഹൃദങ്ങളെ ഹൃദയപൂർവം ചേർത്തുപിടിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ സവിശേഷത. ശ്രീ.ഉണ്ണിയാടൻ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അദ്ദേഹം നിയമസഭാംഗമായതിന്റെ 25ാം വാർഷികത്തിൽ കേരള കോൺഗ്രസ് തൃശൂർ ജില്ലാ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് വൈകുന്നേരം 3 മണിക്ക് തൃശൂർ സാഹിത്യ അക്കാദമിയിൽ അദ്ദേഹത്തിന് സ്നേഹാദരവ് നൽകുകയാണ്
പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിനും, അതുവഴി കേരള കോൺഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരേടാണ്.
ഇടതുകോട്ടയായ ഇരിങ്ങാലക്കുടയിൽ ചരിത്രം തിരുത്തിക്കുറിച്ച് നാലാം തവണയും വിജയിച്ച് നിയമസഭയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ്. നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾക്കൊപ്പം, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ കൊടിവർണങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം അദ്ദേഹം പടുത്തുയർത്തിയ സൗഹൃദങ്ങളുടെ വിശാലമായ ലോകവും ഈ ജനപിന്തുണയ്ക്ക് കരുത്തേകി.
ഇന്ത്യയിലാദ്യമായി സമ്പൂർണ്ണ വൈദ്യുതീകരണം, കേരളത്തിലാദ്യമായി
വിദ്യാഭ്യാസ മേഖലയിൽ 100 ശതമാനം കമ്പ്യൂട്ടർ സാക്ഷരത, ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജലസാക്ഷരത
തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച് ഇരിങ്ങാലക്കുടയെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ മാതൃകയാക്കാൻ അദ്ദേഹം പ്രകടിപ്പിച്ച ശുഷ്ക്കാന്തി ജനപ്രതിനിധികൾക്ക് മാതൃകയാണ്. കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരക്കളിയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിക്കൊടുക്കുന്നതിനും
തനിമ എന്ന സാംസ്ക്കാരികോത്സവത്തിലൂടെ ഇരിഞ്ഞാലക്കുടയുടെ യശസ്സ് ഉയർത്തുന്നതിനും അദേഹത്തിന് കഴിഞ്ഞു.
ജനക്ഷേമത്തിനും വികസനത്തിനും സാമൂഹിക സൗഹാർദ്ദത്തിനും ഒരുപോലെ പ്രാധാന്യം നൽകി മുന്നോട്ട് നീങ്ങുന്ന ഈ ജനനായകനെ ആദരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു സ്നേഹാദരവ് സംഘടിപ്പിക്കാൻ ഞങ്ങൾക്ക് പ്രേരണയായത്.
ആത്മീയ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ, രാഷ്ട്രീയത്തിന്റെയും ജാതിമത ചിന്തകളുടെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യസൗഹൃദത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഒരു സ്നേഹസംഗമമായി പ്രസ്തുത ചടങ്ങ് മാറുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ
സേതുമാധവൻ പറയം വളപ്പിൽ
വിൽസൻ മേച്ചേരി
അഡ്വ: സജി റാഫേൽ
ജോൺ മുണ്ടൻ മാണി
ജോയ് എടാട്ടുകാരൻ
ജ്യോതിഷ് വി എ എന്നിവർ അറിയിച്ചു
നിയസഭാംഗമായതിന്റെ 25ാം വാർഷികം:തോമസ് ഉണ്ണിയാടൻ എം എൽ എ യ്ക്ക് സ്നേഹാദരവ്
