മുഖ്യമന്ത്രിയായിരിക്കെ സിഎം ആൽഎൽന് വഴിവിട്ട ആനുകൂല്യം നൽകിയിട്ടില്ല; പിണറായി വിജയൻ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ നടപടിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇ ഡി രാഷ്ട്രീയലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. 25 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇ ഡി ഡിജിപിക്ക് കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി അയച്ച കത്ത് എങ്ങനെ പുറത്തുവരാന്‍ ഇടയായി. ഇ ഡി തന്നെ അത്തരം കാര്യങ്ങള്‍ പുറത്തുകൊടുക്കുന്ന നില സ്വീകരിക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

എനിക്ക് ഇഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ല. ഇ ഡിയുടേതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങളുടെ സ്വഭാവത്തില്‍ ഇപ്പോള്‍ മാറ്റം വന്നു. സിഎംആര്‍എല്‍ യാതൊരു സേവനവും ലഭിക്കാതെ എക്‌സാലോജികിന് പണം നല്‍കി എന്നതായിരുന്നു ഇപ്പോഴത്തെ സംഭവം വരെ ഇ ഡി ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ നോക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് എസ്എഫ്‌ഐഒ ആരോപിച്ചത്. അതിനെ തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ ഇ ഡി പറയുന്നത്. സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിയായിരുന്ന ഞാന്‍ സിഎംആര്‍എല്ലിന് വഴിവിട്ട ആനുകൂല്യം നല്‍കി. അതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് ഇ ഡി പറഞ്ഞത്. ഇപ്പോള്‍ അതേ ഇടപാട്, സിഎംആർഎൽ കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ് പുതിയ ഭാഷ്യം. എവിടെയാണെന്ന് ഇ ഡി ഉറച്ചുനില്‍ക്കണം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംഘം വ്യത്യസ്ത ഘട്ടങ്ങളില്‍ രണ്ട് വാദങ്ങള്‍ ഉയര്‍ത്തുന്നു. അടിസ്ഥാന വൈരുധ്യത്തിന് ആദ്യം മറുപടി പറയണം’, എന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *