വിഴിഞ്ഞം, സെപ്റ്റംബർ 12:
ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് നിർദ്ദേശിച്ചിരിക്കുന്ന ടണൽ റെയിൽവേ ലൈൻ പദ്ധതി ഉപേക്ഷിച്ച്, പകരം ‘ഓപ്പൺ ലൈൻ’ (തുറന്ന പാത) നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ആർ.ജെ.ഡി. വിഴിഞ്ഞം മേഖലാ സമ്മേളനം പ്രമേയം പാസാക്കി.
തുരങ്ക റെയിൽവേ പാത പലവിധ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സമ്മേളനം വിലയിരുത്തി.
പ്രമേയത്തിലെ പ്രധാന ആശങ്കകൾ:
- ഈ തുരങ്കം പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇത് കിണറുകളും കുടിവെള്ള സ്രോതസ്സുകളും വറ്റാനും അടഞ്ഞു പോകാനും കാരണമാകും.
- തുരങ്കപാത പ്രവർത്തനസജ്ജമാകുമ്പോൾ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയാകും. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
- ഉപരിതലത്തിലൂടെ കുറഞ്ഞ ചെലവിൽ റെയിൽവേ പാത നിർമ്മിക്കാൻ സാധിക്കുമെന്നിരിക്കെ, പലമടങ്ങ് ചെലവുള്ള തുരങ്കപാത എന്തിനാണ്?
- തുരങ്കപാത നിർമ്മിച്ചാൽ പലയിടത്തും റോഡ് ഇടിഞ്ഞു താഴാനും നിലവിലുള്ള കെട്ടിടങ്ങളിൽ വിള്ളലുകൾ വീഴാനും സാധ്യതയുണ്ട്.
- ഭാവിയിൽ റോഡ് ഉപരിതല പാതയായി മാറ്റിയാൽ പരിപാലനം എളുപ്പമാവുകയും ചെലവ് ഗണ്യമായി കുറയുകയും ചെയ്യും, കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാം.
കോവളം മണ്ഡലം പ്രസിഡന്റ് തെണ്ണൂർകോണം ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിഴിഞ്ഞം ജയകുമാർ, അഡ്വ. കെ. ജയചന്ദ്രൻ, എസ്.എസ്. അരുൺകുമാർ, കോവളം രാജൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
സമ്മേളനത്തിൽ ആർ.ജെ.ഡി വിഴിഞ്ഞം മേഖലാ പ്രസിഡന്റായി തിങ്കൾ ഗോപകുമാർ എ, വൈസ് പ്രസിഡന്റുമാരായി നെല്ലിമൂട്ടുവിള ഷാജി, പുല്ലൂർകോണം ജയകുമാർ എന്നിവരെയും, സെക്രട്ടറിമാരായി സി. പണിയടിമ, കെ.ജി. രാജേന്ദ്രൻ, എച്ച്.എം ഹനീഫ എന്നിവരെയും തെരഞ്ഞെടുത്തു.
തയ്യാറാക്കി തന്നത്: ആർ.ജെ.ഡി വിഴിഞ്ഞം മേഖലാ കമ്മിറ്റി
