പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്. പി.എം.ശ്രീയിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. ആയുധമാക്കിയിരുന്നു. ഭരണത്തിലെത്തിയപ്പോൾ അതിനു വിരുദ്ധമായ നിലപാട് ഉണ്ടാകരുതെന്ന അഭിപ്രായമാണ് കൂടുതൽ അംഗങ്ങളും മുന്നോട്ടുവെച്ചത്.
കരാറിൽനിന്ന് കേന്ദ്രസർക്കാരിന് മാത്രമേ പിന്മാറാനാകൂവെന്നാണ് വ്യവസ്ഥയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രം ചെലവഴിക്കുന്ന പണത്തിന്റെ വിഹിതത്തിന് നമുക്കും അർഹതയുണ്ട്. സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിലും കരിക്യുലം നിശ്ചയിക്കുന്നതിലും സംസ്ഥാനസർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സംസ്ഥാന താത്പര്യം ബലികഴിച്ച് ഒരു പദ്ധതിയിലും മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയുമായി ആലോചിച്ചേ അന്തിമതീരുമാനമുണ്ടാകൂ. തുടർനടപടി നിർദേശിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് അതിനായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലും കേന്ദ്രസർക്കാർ വ്യവസ്ഥകൾ അതേപോലെ അംഗീകരിക്കരുതെന്ന ആവശ്യവും യോഗത്തിലുയർന്നു.
