അരുണാചൽ പ്രദേശിലെ തക്സിങ് മേഖലയിൽ സംഘർഷസാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക കമാൻഡർ തല ചർച്ചകൾക്ക് കളമൊരുങ്ങുന്നു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളിലെയും കോർപ്സ് കമാൻഡർമാർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.ദിമാപുരിന് സമീപം രംഗപഹാറിൽ ആസ്ഥാനമുള്ള കരസേനയുടെ മൂന്നാം കോർപ്സ് അഥവാ സ്പിയർ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ ചൈനീസ് കമാൻഡറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഉടൻ ചർച്ച നടത്തുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശിന്റെ മധ്യ, കിഴക്കൻ മേഖലകളിലെ സൈനിക പ്രവർത്തനങ്ങളുടെ ചുമതലയാണ് സ്പിയർ കോർപ്സിനുള്ളത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രാദേശിക കമാൻഡർമാർ തമ്മിൽ നിരവധി ഘട്ടങ്ങളിലായി ചർച്ചകൾ നടന്നിരുന്നു.
അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജനറൽ ധീരജ് സേത്തും ഈ ആഴ്ച സ്പിയർ കോർപ്സ് സന്ദർശിച്ചിരുന്നു. എല്ലാ സൈനിക വിഭാഗങ്ങളുടെയും പ്രവർത്തന സജ്ജതയും അതിർത്തി വികസന പദ്ധതികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തിയതായി കരസേന അറിയിച്ചു.
ഓഗസ്റ്റ് 25ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി ചർച്ചകൾക്കായുള്ള ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികളാണ് ഇരുവരും.
അതിർത്തി നിർണയ ചർച്ചകൾ വേഗത്തിലാക്കാനും അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിൽ കാര്യക്ഷമമായ പുരോഗതി ഉണ്ടാക്കാനും കൂടിക്കാഴ്ചയിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. കിഴക്കൻ, മധ്യമേഖലകളിൽ രണ്ട് പുതിയ സൈനിക ഹോട്ട്ലൈനുകൾ സ്ഥാപിക്കാനും കമാൻഡർ തല സൈനിക കൂടിക്കാഴ്ചകൾക്കായി രണ്ട് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനും ധാരണയായി.
തക്സിങ് മേഖലയിൽ സംഘർഷസാധ്യത, ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക കമാൻഡർ തല ചർച്ചകൾക്ക് കളമൊരുങ്ങുന്നു
