ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരിക്കെ പാർട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി.പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ സാഹചര്യം മാത്രമെന്ന് ദില്ലിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് എം എ ബേബി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മേല്‍ മാത്രം ചാരാൻ ആകില്ലെന്ന് പി ബി അംഗം എ വിജയരാഘവനും പ്രതികരിച്ചു.പിണറായി വിജയന്റെ പ്രസ്താവന തള്ളാത്തപ്പോഴും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ തെറ്റ് തിരുത്തല്‍ രേഖകളിലെ ഊന്നല്‍ അതിനല്ല എന്ന സന്ദേശമാണ് എം എ ബേബി നല്‍കുന്നത്. കണ്ണൂരിലെ മണ്ഡലങ്ങളിലെ സാഹചര്യമാണ് പിണറായി പറഞ്ഞതെന്ന് വ്യക്തമാക്കിക്കൊണ്ട് പാർട്ടിക്ക് സർക്കാരിനും പറ്റിയ തെറ്റുകള്‍ നിരത്തുന്ന സിസി അവലോകനത്തിലേക്ക് ബേബി ശ്രദ്ധ തിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ അടക്കം ഉന്നത നേതൃത്വത്തിനും നോട്ടക്കുറവുണ്ടായി എന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്. വിശാല സംസ്ഥാന സമിതി യോഗത്തില്‍ സ്വയം വിമർശനത്തിന് പ്രാധാന്യം നല്‍കണമെന്ന പരോക്ഷ നിർദ്ദേശവും ജനറല്‍ സെക്രട്ടറി നല്കുന്നു. പിണറായിയുടെ പ്രസ്താവനയെ പിബി അംഗം എ വിജയരാഘവൻ ന്യായീകരിച്ചു. തോല്‍വിക്ക് സംഘടനവീഴ്ചയും ഭരണവീഴ്ചയും കാരണമാണ്. എന്നാല്‍ ഒരു വ്യക്തിയിലേക്ക് ഇത് ഒതുക്കുന്നത് മാധ്യമ വ്യാഖ്യാനമെന്നും വിജയരാഘവൻ പറഞ്ഞു.
പാർട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി
