ഇന്ന് പുലർച്ചെ മുതൽ കർക്കടക വാവുബലി ചടങ്ങുകൾ ആരംഭിച്ചു. വർക്കല പാപനാശം, തിരുനാവായ തുടങ്ങിയ പ്രധാന കടവുകളിലും നദീതീരങ്ങളിലും ആയിരക്കണക്കിന് ഭക്തർ പിതൃതർപ്പണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.ഇന്നലെ രാത്രി മുതൽ ആയിരകണക്കിനാളുകൾ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് നടതുറന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്നത്തോടെ കഴിഞ്ഞാഴ്ച്ച മുങ്ങികിടന്ന ക്ഷേത്രപരിസരത്തെല്ലാം ചളി അടിഞ്ഞിരിന്നു. ഇവ നീക്കം ചെയ്താണ് അറുപതോളം ബലിപ്പുരകൾ ദേവസ്വം ബോർഡിന്റെ കീഴിൽ ലേലം ചെയ്യാൻ ഒരുക്കിയത്.ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷക്ക് അഞ്ഞൂറോളം പോലീസുകാരെ ക്ഷേത്രപരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ആലുവയിലും പരിസരപ്രേദേശങ്ങളിലും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മുതൽ ആലുവയിൽ നിന്ന് മെട്രോ സർവീസ് ആരംഭിച്ചു.
പിതൃതര്‍പ്പണം ആരംഭിച്ചു; മോക്ഷതീരങ്ങളായി ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളും
