തിരുവല്ലം ബൈപ്പാസ് ഭയപ്പെടുത്തുന്നു; സൂക്ഷിക്കണം!അമിതവേഗ ബൈക്കിടിച്ച് രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യംകൈകോർത്തുപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ദുരന്തം; ബൈപ്പാസിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക

തിരുവനന്തപുരം: തിരുവല്ലം ദേശീയപാത ബൈപ്പാസിൽ വീണ്ടും ദാരുണാപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് രണ്ട് സഹോദരിമാർക്ക് ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലം ഇടയാർ സ്വദേശിനികളായ ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കരിമ്പുവിള ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ ആറ്റിൻകര പള്ളിയിലേക്ക് പോകുന്നതിനായി ഇരുവരും കൈകോർത്തുപിടിച്ച് ദേശീയപാത മുറിച്ചുകടക്കുകയായിരുന്നു.ഇതിനിടെ തിരുവല്ലം ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് അതിവേഗത്തിൽ എത്തിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായും അമിതവേഗതയിലും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.ബൈപ്പാസ് വീണ്ടും അപകടഭീതിയിൽതിരുവല്ലം ബൈപ്പാസ് മേഖലയിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളുടെ അഭാവവും വാഹനങ്ങളുടെ അമിതവേഗതയും വലിയ ആശങ്കയായി തുടരുകയാണ്.അപകടങ്ങൾ ആവർത്തിച്ചിട്ടും ആവശ്യമായ സുരക്ഷാ നടപടികൾ ശക്തമാക്കാത്തതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ഉയരുകയാണ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ സുരക്ഷിതമായ ക്രോസിങ് സംവിധാനങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.ഇന്ന് രണ്ട് സഹോദരിമാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നാളെ ഈ റോഡിൽ മറ്റൊരു കുടുംബം കണ്ണീരിലാകാതിരിക്കാൻ അധികൃതർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം.മുനീർ പനമൂട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *