
ബെംഗളൂരു: യഷ് ചിത്രം ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതി പുറത്തുവിട്ടു. ട്രെയിലർ 2026 ഓഗസ്റ്റ് 8-ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ട്രെയിലർ തീയതിക്കൊപ്പം യഷിന്റെ നിഗൂഢമായ ലുക്കിലുള്ള പുതിയ പോസ്റ്ററും നിർമ്മാതാക്കൾ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷിക ദിനമായ ഓഗസ്റ്റ് 8-ന് ബെംഗളൂരുവിൽ വെച്ചാണ് ട്രെയിലർ പുറത്തിറക്കുന്നത്.
യഷിന്റെയും നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസിന്റെയും തട്ടകമായ കർണാടകയിൽ നിന്നുതന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
കൈയിൽ ‘ടോമി ഗൺ’ പിടിച്ചുനിൽക്കുന്ന യഷ് അവതരിപ്പിക്കുന്ന ‘റായ’ എന്ന കഥാപാത്രത്തിന്റെ നിഴലാണ് പുതിയ പോസ്റ്ററിലുള്ളത്. ഇതുവരെ പുറത്തുവന്ന പ്രചാരണ സാമഗ്രികളിലെല്ലാം പുലർത്തിയ അതേ ദുരൂഹതയും നിഗൂഢതയും പുതിയ പോസ്റ്ററിലും നിലനിർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള വ്യക്തമായ സൂചനകൾ നൽകാതെ പ്രേക്ഷകരിൽ കൗതുകം വർധിപ്പിക്കുന്ന രീതിയിലാണ് പ്രമോഷനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
മലായാളിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ‘ടോക്സിക്’, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റി 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
