ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വേദിയിൽ നിന്നുള്ള മാനുഷിക പരിഗണനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ്‌നാട് സർക്കാരിന്റെ വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 401 പേർക്ക് നിയമന ഉത്തരവ് കൈമാറുന്ന ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. പൂർണ്ണ ഗർഭിണിയായ അക്ഷയലക്ഷ്മി എന്ന ഉദ്യോഗാർത്ഥിക്കാണ് മുഖ്യമന്ത്രി വേദിയിൽ നിന്ന് താഴെയിറങ്ങിച്ചെന്ന് ഓർഡർ കൈമാറിയത്.നിയമന ഉത്തരവ് കൈപ്പറ്റാനായി അക്ഷയലക്ഷ്മിയുടെ പേര് വേദിയിലേക്ക് വിളിച്ചപ്പോഴാണ് അവർ സദസ്സിലിരിക്കുന്നത് മുഖ്യമന്ത്രി വിജയ്‌യുടെ ശ്രദ്ധയിൽപ്പെടുന്നത്. അവർക്ക് നടക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ഉദ്യോഗസ്ഥരോട് അവരെ വേദിയിലേക്ക് കയറ്റേണ്ടതില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തന്നെ നേരിട്ട് വേദിയിൽ നിന്നിറങ്ങി സദസ്സിലെത്തി അക്ഷയലക്ഷ്മിക്ക് നിയമന ഉത്തരവ് കൈമാറി.
ഗർഭിണിയായ ഉദ്യോഗാർത്ഥിക്ക് വേദിയിൽ നിന്നിറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി വിജയ്
