‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ

ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ ) ആറുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ “അമൽ” (AMAL) പ്രഖ്യാപിച്ചു. സംഘടന പ്രസിഡണ്ട് ഉസ്മാൻ കല്ലൻ ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു.അറബിക് ഭാഷയിൽ “പ്രതീക്ഷ” എന്നർത്ഥം വരുന്ന ‘അമൽ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ, സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുകയും യുവജനങ്ങളെ ആരോഗ്യകരവും ഉത്തരവാദിത്തപരവുമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്ന് ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ് പറഞ്ഞു.Awareness (അവബോധം), Motivation (പ്രചോദനം), Action (പ്രവർത്തനം), Leadership (നേതൃത്വം) എന്നീ നാല് പ്രവർത്തന മേഖലകളെ അടിസ്ഥാനമാക്കി സെമിനാറുകൾ, സംവാദങ്ങൾ, യുവജന ശാക്തീകരണ പരിപാടികൾ, കുടുംബ സംഗമങ്ങൾ, നേതൃത്വ പരിശീലനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ ഖത്തറിലും നാട്ടിലും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ സംഘടനകളുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ഖത്തറിലെ ഇന്ത്യൻ ഡോക്ടർമാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.2026 ജൂൺ 26 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഖത്തർ തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ നടക്കുന്ന ചടങ്ങിൽ ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും.കേരള മദ്യനിരോധന സമിതി സംസ്ഥാന ചെയർമാൻ അബ്ദുൽ ലത്തീഫ് ഫറൂഖ് മുഖ്യാതിഥിയായിരിക്കും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം ആശംസിച്ചു. ഡോ. ഷഫീഖ് മമ്പാട് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. പാട്രൺ ഡോ. അമാനുള്ള വടക്കാങ്ങര ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് സലീം റോസ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *