നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

കോട്ടയം: ഞായറാഴ്ച (ജൂൺ 21) നീറ്റ്-യുജി പരീക്ഷ നടക്കുന്ന ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടവാതൂര്‍ പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയ, പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശനിയാഴ്ച വൈകിട്ട് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനുള്ള സൗകര്യം, ക്ലാസ് മുറികളിലെ ക്രമീകരണങ്ങള്‍, കുടിവെള്ള സൗകര്യം, വൈദ്യസഹായത്തിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി. ഞായറാഴ്ച രാവിലെ മുതല്‍ നഗരത്തിലുള്‍പ്പെടെയുള്ള റോഡുകളില്‍ ഗതാഗത തടസ്സങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് അദ്ദേഹം പോലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 25 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഇവിടങ്ങളില്‍ പോലീസിനു പുറമേ സി.ആര്‍.പി.എഫ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നീ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പര്‍ അതീവ സുരക്ഷയോടെ ഞായറാഴ്ച രാവിലെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.15 വരെയാണ് പരീക്ഷ.എ.ഡി.എം സോളി ആന്റണി,കോട്ടയം ആര്‍.ഡി.ഒ. നിജു കുര്യന്‍, തഹസീല്‍ദാര്‍ കെ.എസ് സതീശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ടിപ്‌സണ്‍ തോമസ്, ഹൊസൂര്‍ ശിരസ്തദാര്‍ പി.വി. ജയേഷ്, നീറ്റ് പരീക്ഷയുടെ സിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോളി വിന്‍സന്റ് എന്നിവരുംകളക്ടറോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *