​നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി DYFI തൃശ്ശൂർ ജില്ലാ സമ്മേളനം

കുന്നംകുളത്ത് വിഭാഗീയത മുറുകുന്നു,ഫണ്ട് വിനിയോഗത്തിലും രൂക്ഷവിമർശനം

യൂസഫ് അരിയന്നൂർ​

തൃശ്ശൂർ: കനത്ത ആഭ്യന്തര കലഹങ്ങൾക്കും നേതൃത്വത്തിനെതിരെയുള്ള പരസ്യമായ പടയൊരുക്കത്തിനും വേദിയായി DYFI തൃശ്ശൂർ ജില്ലാ സമ്മേളനം. സംഘടനയെ പ്രതിസന്ധിയിലാക്കുന്ന കുന്നംകുളത്തെ വിഭാഗീയതയും ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലെ സുതാര്യതക്കുറവും പ്രതിനിധികൾ ഒന്നടങ്കം ഉന്നയിച്ചതോടെ സമ്മേളന നഗരി കടുത്ത വാദപ്രതിവാദങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.​ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത ഫണ്ടിന്റെ വിനിയോഗത്തിൽ കൃത്യമായ കണക്കുകൾ ബോധിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപമാണ് സമ്മേളനത്തിൽ പ്രധാനമായും ഉയർന്നുവന്നത്. ഓഫീസ് നിർമാണ ഫണ്ടിൽ വൻതോതിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിന്മേൽ കൃത്യമായ ഓഡിറ്റിംഗും സുതാര്യതയും വേണമെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു. ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ചകളെച്ചൊല്ലി നേതൃത്വത്തിനെതിരെ പ്രതിനിധികൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.​സാമ്പത്തിക കാര്യങ്ങളിലെ അതൃപ്തിക്കൊപ്പം സംഘടനയെ ഏറെ നാളായി അലട്ടുന്ന കുന്നംകുളത്തെ വിഭാഗീയത ഇപ്പോഴും തുടരുകയാണെന്നും ചർച്ചകളിൽ വ്യക്തമായി. ഈ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ജില്ലാ നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അതെ സമയം, ജില്ലയിലെ ഭൂരിഭാഗം ബ്ലോക്ക് കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. നിലവിൽ മണലൂർ, വള്ളത്തോൾ നഗർ, ചാവക്കാട്, വടക്കാഞ്ചേരി എന്നീ നാല് ബ്ലോക്ക് കമ്മിറ്റികൾ മാത്രമാണ് സജീവമായി രംഗത്തുള്ളത്. മറ്റ് കമ്മിറ്റികളെ സജീവമാക്കാൻ സാധിക്കാത്തത് സംഘടനയുടെ വലിയ വീഴ്ചയായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.​വരും ദിവസങ്ങളിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ, സമ്മേളനത്തിൽ ഉയർന്നുവന്ന ഈ വിഭാഗീയതയും ഫണ്ട് വിവാദങ്ങളും നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ചർച്ചകൾക്ക് ജില്ലാ നേതൃത്വം നൽകുന്ന മറുപടി വരും ദിവസങ്ങളിലെ സംഘടനയുടെ മുന്നോട്ടുള്ള പോക്കിനെ നിർണയിക്കും.

Leave a Reply

Your email address will not be published. Required fields are marked *