പിണറായിക്കും വീണയ്ക്കുമെതിരായ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരായ മൊഴി സിഎംആർഎൽ എംഡി ശശിധരൻ കർത്തയും പിൻവലിച്ചു.
പാർക്കിൻസൺസ് രോഗബാധിതനായി കിടപ്പിലായ കർത്തയെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും മൊഴിയിൽ വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ എൻ. അജിത്ത് ഇഡി ഡയറക്ടർക്ക് പിൻവലിക്കൽ പ്രസ്താവന അയച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് കത്ത്.

സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിനും ടി. വീണയ്ക്കും പണം നൽകിയത് യാതൊരുവിധ സേവനങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു ഇഡിയുടെ വാദം.

സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, കമ്പനി സിഎഫ്ഒ കെ.എസ്. സുരേഷ് കുമാർ, സിജിഎം പി. സുരേഷ് കുമാർ എന്നിവരുടെ മൊഴികളായിരുന്നു കേസിലെ പ്രധാന അടിസ്ഥാനം. എന്നാൽ നേരത്തെ ഉദ്യോഗസ്ഥർ നൽകിയ മൊഴികൾ പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എം.ഡി ശശിധരൻ കർത്തയുടെ കുടുംബവും മൊഴി പിൻവലിച്ചുകൊണ്ട് ഇ.ഡിക്ക് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *