ടി.വി. പുരത്തെ വിളക്കുമാടം തുരുത്തിലേക്ക് തൂക്കുപാലം നിർമ്മിക്കും- മന്ത്രി മോൻസ് ജോസഫ്

വൈക്കം: ടി വി പുരം പഞ്ചായത്തിൽ തൃണയം കുടം ക്ഷേത്രത്തിന് സമീപമുള്ള വിളക്കുമാടംതുരുത്ത് കെ.ബിനിമോൻ എം എൽ എ യുടെയും യു ഡി എഫ് നേതാക്കളുടെയും നാട്ടുകാരുടേയും താത്പര്യപ്രകാരം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് സന്ദർശിച്ചു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിളക്കുമാടംതുരുത്ത് നമ്മുടെ സംസ്കാരത്തിൻ്റെ അടയാളമായതിനാൽ അതിനെ സംരക്ഷിക്കും എന്നും ഇന്നത്തെ കാലഘട്ടത്തിന് യോചിച്ച രീതിയിൽ വഴിയും വള്ളക്കടവും പടവുകളും തൂക്കുപാലവും നിർമ്മിച്ച് അതിനെ ഒരു ടൂറിസ്റ്റ് സന്ദർശന കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി ഉറപ്പു നൽകി.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തുരുത്തും വിളക്കുമാടവും സംരക്ഷിക്കുന്നതിനായി കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു.
ഒട്ടേറെ പ്രദേശവാസികൾ കർക്കിടവുമാസത്തിൽ പിതൃതർപ്പണത്തിനായി ഇവിടെ എത്തിച്ചേരുന്നത് പതിവാണ്.

രാജഭരണ കാലത്ത് കായലിലൂടെ കടന്നുപോകുന്ന വള്ളങ്ങൾക്ക് ദിക്കും ദിശയും അറിയുന്നതിനായിട്ടാണ്ഇവിടെ വിളക്കുമാടം സ്ഥാപിച്ചിരുന്നത്.
സ്ഥലം നേരിട്ട് സന്ദർശിച്ച ജലവിഭവ വകുപ്പുമന്ത്രി പ്രദേശവാസികളുടേയും യുഡിഎഫ് നേതാക്കളുടേയും അഭ്യർത്ഥന മാനിച്ച് മേജർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻ ജിനീയറോട് വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം സന്ദർശിക്കുന്നതിനായി കെ ബിനിമോൻ എം എൽ എ യോടൊപ്പം കെ പി സി സി അംഗം മോഹൻ ഡി ബാബു, യുഡിഎഫ് ചെയർമാൻ പോൾസൺ ജോസഫ്, ടി അനിൽകുമാർ, സിറിൾ ജോസഫ്,സെബാസ്‌റ്റ്യൻ ആൻ്റണി, കെ.എസ് ബാഹുലേയൻ , ശരത്ത് കെ. എസ്, ഹരി വാതല്ലൂർ, ഉണ്ണികൃഷ്ണൻ നായർ, ജോസഫ് പള്ളിയിൽ , സുബീഷ് പോട്ടയത്ത്, ജോയപ്പൻ കൊച്ചീരേഴത്ത്, തുടങ്ങിയവരും ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *