പീരുമേട്: താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണം. മൂന്നിടങ്ങളിലായി നായുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിനിയും അതിഥി തൊഴിലാളിയുമടക്കം പതിനാറുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പഴയ പാമ്പനാർ സ്വദേശി കുമാർ (44), ലാൻഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. പഴയ പാമ്പനാർ സ്വദേശിയായ കുമാറിനെ നായ ക്രൂരമായാണ് ആക്രമിച്ചത്. ശരീരമാസകലം കടിയേറ്റ ഇദ്ദേഹത്തിൻ്റെ കാലുകൾ മുതൽ തലയ്ക്ക് വരെ ഗുരുതരമായ മുറിവുകളുണ്ട്. ലാൻഡ്രത്ത് വച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരിക്കേൽപ്പിച്ചിട്ടുണ്ട്. അതിഥി തൊഴിലാളിയായ ആഷിക്കിനും വഴിയാത്രയ്ക്കിടയിലാണ് നായുടെ ആക്രമണത്തിൽ പരുക്കേറ്റത്.പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം ഇപ്പോൾ അതിരൂക്ഷമായിരിക്കുകയാണ്. കാൽനടയാത്രക്കാർക്കും പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കും റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ വഴിപോക്കരെ ഓടിച്ചിട്ട് ആക്രമിക്കുന്നത് പതിവായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുട്ടികളുടെയും സാധാരണക്കാരുടെയും ജീവന് ഭീഷണിയായ തെരുവ് നായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
പീരുമേട്ടിൽ തെരുവ് നായ വിളയാട്ടം; വിദ്യാർഥിനിയടക്കം പതിനാറുപേർക്ക് ഗുരുതര പരുക്ക്
