വൈക്കം: പഴക്കം ചെന്ന നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർടിഒ ഓഫീസിൻ്റെ പല ഭാഗങ്ങളിലായി മേൽക്കൂരയിലെ വാർക്കൽ അടർന്നു വീഴുകയുണ്ടായി. അപകടം ഉണ്ടായില്ലെങ്കിലും ഇത് വാർത്തയായതിനെത്തുടർന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിനൊപ്പം നിയുക്ത എം എൽ എ കെ. ബിനിമോൻ
ഓഫീസ് സന്ദർശനം നടത്തി.
ദിവസവും നൂറുകണക്കിന് ആൾക്കാർ വന്നു പോകുന്ന ഈ സ്ഥാപനത്തിൽ വാർക്കൽ അടർന്നു വീണപ്പോൾ അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യമാണെന്നും ഇനിയും അപകടം ഉണ്ടാകാതിരിക്കാൻ ആർ ടി ഒ ഓഫീസ് നഗരസഭയുടെ ടൗൺ ഹാൾ സമുച്ചയത്തിലേക്ക് മാറ്റി പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
നഗരസഭയുടെ കീഴിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വാടക വർഷങ്ങളായി കുടിശ്ശികയാണെന്നും അത് എത്രയും വേഗത്തിൽ മോട്ടോർവാഹനവകുപ്പ് അടച്ചു തീർത്താൽ ടൗൺ ഹാളിലെ ഒന്നാം നിലയിൽ ഇവർക്ക് അനവദിച്ചിരിക്കുന്ന മുറികളുടെ സൗകര്യങ്ങൾ ശരിയാക്കിക്കൊടുക്കാമെന്നും ചെയർമാൻ പറഞ്ഞു. 2023 നാലാം മാസം മുതലിങ്ങോട്ട്
വർഷങ്ങളായി 9 ലക്ഷത്തിലധികം രൂപയുടെ വാടക കുടിശ്ശിക ആർ ടി ഓഫീസ് നഗരസഭയ്ക്ക് നൽകാനുണ്ട്. ഇതിൽ കെട്ടിടം അൺഫിറ്റായി പ്രഖ്യാപിച്ചതിനു ശേഷം പ്രവർത്തിച്ച കാലത്തെ വാടക ഇളവ് ചെയ്തു തരണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഈ വിഷയം അധികാരികളുടെ മുന്നിൽ എത്തിച്ച് എത്രയും വേഗത്തിൽ ഇതിനു പരിഹാരം കണ്ടെത്തുമെന്നും നിയുക്ത എം എൽ എ പറഞ്ഞു. നഗരസഭാ ചെയർമാനൊപ്പം
ആർ ടി ഒ ഓഫീസിൽ നടത്തിയ ചർച്ചയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മെൽവിൻ ക്ലീറ്റസ്, എ എം വി സോണി ജോൺ എന്നിവരും നഗരസഭ വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ സോണി സണ്ണി, ഹരിദാസൻ നായർ, കെ.ബി.ഗിരിജകുമാരി, എടവട്ടം ജയകുമാർ, പി.ഡി. പ്രസാദ്,അനൂപ് വി എന്നിവരും ചർച്ചയിൽ പങ്കെടുത്തു
