ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽനിന്ന് പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച ആഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന്റെ വാതിൽക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അരിയന്നൂർ സ്വദേശിയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടറുമായ അബൂബക്കറിന്റെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് വീടിന് മുന്നിൽ ദുരൂഹ സാഹചര്യത്തിൽ ഒരു പൊതി കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ സ്വർണാഭരണങ്ങളാണ് ഉള്ളിലെന്ന് വ്യക്തമായത്. ഒരു മാലയും ഒരു ജോഡി കമ്മലും ഒഴികെ മോഷണം പോയ സ്വർണത്തിന്റെ 90 ശതമാനവും തിരികെ ലഭിച്ചിട്ടുണ്ട്.
ആഭരണങ്ങൾക്കൊപ്പം വെള്ളക്കടലാസിൽ എഴുതിയ ഒരു കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. “രണ്ട് പവൻ വിറ്റുപോയി, ബാക്കി ആഭരണങ്ങൾ ഇതിലുണ്ട്. കേസ് പിൻവലിക്കണം, മാപ്പ് മാപ്പ് മാപ്പ്” എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. തെറ്റുകൾ നിറഞ്ഞ മലയാളത്തിലാണ് കത്തെഴുതിയിട്ടുള്ളത്. ശിക്ഷ ഭയന്നുള്ള കുറ്റസമ്മതമാണ് ഇതിലുള്ളതെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ മേയ് എട്ടിന് രാത്രിയാണ് അബൂബക്കറിന്റെ വീട്ടിൽനിന്ന് ഡോക്ടറുടെ ഭാര്യ ബുഷറയുടെ പത്ത് പവൻ സ്വർണം മോഷണം പോയത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതോടെ പിടിയിലാകുമെന്ന് ഉറപ്പായ മോഷ്ടാവ് സ്വർണം തിരികെ വെച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാകാമെന്നാണ് നിഗമനം. സ്വർണം തിരികെ ലഭിച്ചെങ്കിലും മോഷ്ടാവിനായുള്ള തെരച്ചിൽ ഗുരുവായൂർ പോലീസ് ശക്തമാക്കിയിട്ടുണ്ട്. വിറ്റുപോയ ആഭരണങ്ങൾ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു.
അരിയന്നൂരിലെ കവർച്ച: നാടകീയ വഴിത്തിരിവ്; സ്വർണം തിരികെ നൽകി കള്ളൻ മുങ്ങി
