റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ജനാധിപത്യ വിശ്വാസികളുടെ ആവേശ സംഗമവുമായി മാറി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ സ്നേഹികളും പങ്കെടുത്ത പരിപാടി ശ്രദ്ധേയ രാഷ്ട്രീയ കൂട്ടായ്മയായി.
ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ കേരള രാഷ്ട്രീയത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ അണിനിരന്നു. യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു.യുഡിഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഫ് യൂറോപ്പ് കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദി അർപ്പിച്ചു. യുഡിഫ് യൂറോപ്പ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി എന്നിവർ ഏകോപനമൊരുക്കി.
ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കേരള കോൺഗ്രസ് നേതാവ് അപു ജോസ് എം എൽ എ, നിയുക്ത എം എൽ എമാരായ റോജി എം ജോൺ, സജീവ് ജോസഫ്, ഷിബു തെക്കുമ്പുറം, എ ഡി തോമസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. യുഡിഎഫിന് വലിയ വിജയം സമ്മാനിച്ചതിൽ സുപ്രധാന പങ്ക് വഹിച്ച പ്രവാസി സമൂഹത്തിനും പ്രതേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ പ്രവർത്തനങ്ങൾ ഒരുക്കിയ യുഡിഫ് യൂറോപ്പ് സംവിദാനത്തിന് നേതാക്കൾ നന്ദി പറഞ്ഞു. കേരള ജനത അഹങ്കാര രാഷ്ട്രീയത്തിനെതിരെയും ജനവിരുദ്ധ ഭരണത്തിനെതിരെയും നൽകിയ ശക്തമായ വിധിയാണ് യു ഡി എഫിന്റെ ഈ ചരിത്രവിജയമെന്ന് നേതാക്കൾ പറഞ്ഞു. പുതിയ കേരളത്തിന്റെ പ്രതീക്ഷയും ജനവിശ്വാസവും യു ഡി എഫിനൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമഗ്ര വികസനം, തൊഴിൽ അവസരങ്ങൾ, യുവജന ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, പ്രവാസി ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും ഭാവി പദ്ധതികളും അവർ വിശദമായി അവതരിപ്പിച്ചു. ജനങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുന്ന ജനകീയ ഭരണത്തിന്റെ പുതിയ മാതൃകയാണ് യു ഡി എഫ് സർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ യുഡിഫ് നേതാക്കന്മാരായ ഷൈനു ക്ലെയർ മാത്യൂസ്, ബോസ്, റോണി കുരിശിങ്കൽ, ഷെഫീഖ്, സാഞ്ചോ ലൂസി, നവാസ്, ജയരാജ്, റോയ് ജോസഫ്, ജിബീഷ് തങ്കച്ചൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കുവെക്കാനെത്തിയ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള പ്രവർത്തകരുടെ സാന്നിധ്യം പരിപാടിയെ അതീവ ആവേശകരമാക്കി. യു ഡി എഫ് യൂറോപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വിജയാഘോഷം യൂറോപ്പിലെ മലയാളി രാഷ്ട്രീയ സമൂഹത്തിനിടയിൽ പുതിയ ഉണർവും ആത്മവിശ്വാസവും സൃഷ്ടിച്ചതായി സംഘാടകർ അറിയിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ജനവിധിയെ ആഘോഷമാക്കി മാറ്റിയ യു ഡി എഫ് യൂറോപ്പിന്റെ ഈ ഓൺലൈൻ സംഗമം യൂറോപ്പിലുടനീളം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയ ശക്തമായ വിജയാഘോഷമായി മാറി.
