എലത്തൂരിൽ ‘ക്ലോക്ക്’ ചിഹ്ന പോരാട്ടം: എ.കെ. ശശീന്ദ്രന് വെല്ലുവിളിയായി പി.കെ. ശശീന്ദ്രൻ

കോഴിക്കോട്: എലത്തൂർ നിയോജക മണ്ഡലത്തിൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായ രാഷ്ട്രീയ മത്സരത്തിന് വേദിയാകുന്നു. എൻ.സി.പി (ശരത് പവാർ വിഭാഗം) സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ എ.കെ.ശശീന്ദ്രനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് എൻ.സി.പി ഔദ്യോഗിക വിഭാഗം സ്ഥാനാർത്ഥിയായ പി.കെ. ശശീന്ദ്രൻ ശക്തമായ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ‘ക്ലോക്ക്’ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചിരുന്ന എ.കെ. ശശീന്ദ്രന്, ഈ തവണ അതേ ചിഹ്നം തന്നെ പ്രധാന തലവേദനയായി മാറിയിരിക്കുകയാണ്. ദേശീയ തലത്തിൽ എൻ.സി.പി പാർട്ടിയിൽ ഉണ്ടായ പിളർപ്പിന് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ, അജിത് പവാർ വിഭാഗത്തിന്റെ നീക്കങ്ങൾ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.
‘ക്ലോക്ക്’ ചിഹ്നം പി.കെ. ശശീന്ദ്രന് അനുവദിക്കാതിരിക്കാൻ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ശക്തമായ ശ്രമങ്ങൾ നടന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ പി.കെ. ശശീന്ദ്രന് അതേ ചിഹ്നം അനുവദിക്കപ്പെട്ടത് മണ്ഡലത്തിലെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുന്ന ഘടകമായി.
ഈ സാഹചര്യത്തിൽ ഒരേ ചിഹ്നവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഏറ്റുമുട്ടൽ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് എ.കെ. ശശീന്ദ്രന്റെ മുൻ വിജയങ്ങളിൽ നിർണായകമായ പങ്കുവഹിച്ച ചിഹ്നം തന്നെയാണ് ഇപ്പോൾ എതിരാളിയുടെ ആയുധമായി മാറിയിരിക്കുന്നത്.
എലത്തൂരിലെ ഈ ‘ചിഹ്ന പോരാട്ടം’ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *