ദോഹ: ജീവിതം ആരോഗ്യകരമാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചൊവ്വാഴ്ച (ഫെബ്രുവരി-10) ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കും.രാജ്യത്തുടനീളമായി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി വൈവിധ്യമായ കായിക പരിപാടികളും മത്സരങ്ങളുമാണ് നടക്കുക.മുൻ വർഷങ്ങളിലെന്നതുപോലെ ഇത്തവണയും വിപുലമായ പരിപാടികളും മത്സരങ്ങളും ആഘോഷവും ഉൾക്കൊള്ളിച്ച് രാജ്യമെങ്ങും ദേശീയ കായികദിനം ആഘോഷിക്കും. ‘ഐ ചോസ് സ്പോർട്സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജീവിതശൈലി എന്ന നിലയിലും മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടിയും സ്പോർട്സ് പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്പോർട്സിനെ ഒരു വാർഷിക പരിപാടി എന്നതിലുപരി ഗുണനിലവാരമുള്ള ജീവിതശൈലിയായി മാറ്റുക, ജീവിത നിലവാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുക, സജീവവും സർഗാത്മകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.ഖത്തർ നാഷനൽ ഒളിമ്പിക് കമ്മിറ്റി, ഖത്തർ ഫൗണ്ടേഷൻ, സ്പോർട്സ് ക്ലബുകൾ, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, സ്വകാര്യ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കമ്യൂണിറ്റി സംഘടനകൾ എന്നിവക്കു കീഴിൽ വിപുലമായ പരിപാടികളാണ് ചൊവ്വാഴ്ച നടക്കുക. കായികം, വിനോദം, രാജ്യത്തിന്റെ സംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തറിലുടനീളമുള്ള പൊതു പാർക്കുകൾ, സ്പോർട്സ് മൈതാനങ്ങൾ, ബീച്ചുകൾ എന്നിവ കായിക മത്സരങ്ങൾക്കും ഫിറ്റ്നസ് പരിപാടികൾക്കുമായി തുറന്നു നൽകും.മാരത്തൺ, കുടുംബ-സൗഹൃദ ഗെയിമുകൾ, ഫിറ്റ്നസ് മത്സരങ്ങൾ, ഫുട്ബോൾ, വോളിബാൾ മത്സരങ്ങൾ, ടേബിൾ ടെന്നീസ്, ഫിറ്റ്നസ്, ലേഡീസ്-ഒൺലി ഇവന്റുകൾ തുടങ്ങി കുട്ടികൾ, മുതിർന്നവർ, കുടുംബങ്ങൾ എന്നിവർക്കെല്ലാം ആസ്വദിക്കാനും പങ്കെടുക്കാനും പറ്റുന്ന തരത്തിലാണ് ഓരോ പരിപാടികളും. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
ദേശീയ കായികദിനം ആഘോഷിക്കാനൊരുങ്ങി ഖത്തർ
