ഭാരതത്തിന്റെ ഭരണഘടനയുടെ അനന്യതയിൽ അഭിമാനിക്കണം : പി സി തോമസ്

തൃശൂർ: ലോകത്തിലെ മറ്റ് ഭരണഘടനകളോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഭരണഘടന ഏറെ ശക്തമാണെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് അഭിപ്രായപ്പെട്ടു. 1947ൽ സ്വതന്ത്രമാവുകയും 1950 ജനുവരി 26 ന് നാം നമുക്കായി തയ്യാറാക്കിയ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന് നമ്മുടെ രാഷ്ട്രം പരമാധികാര റിപ്പബ്ലിക് ആവുകയും ചെയ്തതിന് ശേഷം ഇത് വരെ ഇവിടെ ജനാധിപത്യം അഭംഗുരം പുലരുന്നത് ഭരണഘടനയുടെ അനന്യതയും അലംഘനീയതയും കൊണ്ടാണ്. ഭരണഘടനയുടെ ഈ മാഹാത്മ്യം ഉൾക്കൊള്ളുന്നവരാകണം ഓരോ ഭാരതീയരും. അതിനാവശ്യമായ ബോധവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. എല്ലാ പൗരന്മാർക്കും തുല്യത എന്നത് ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എടുത്തു പറയുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഭരണഘടനയുടെ പിതാവ് ഡോ.അംബേദ്കർ,പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരോടൊപ്പംഭരണഘടനാ നിർമ്മാണ സഭയിൽ അംഗമായിരുന്നതന്റെ പിതാവ് പി.ടി. ചാക്കോയുടെ കയ്യൊപ്പ് പതിഞ്ഞ ഒറിജിനൽ ഭരണഘടന കാണുന്നതിനും പരിശോധിക്കുന്നതിനുമായി പലരും വരുന്നതിൽ അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *