കൊല്ലം: കേരളത്തിൻ്റെ സാഹിത്യ, സാംസ്കാരിക രംഗത്തിന് നിർണായക സംഭാവനകൾ നൽകിയ കലാകൗമുദി വാരികയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് കൊല്ലം ബീച്ച് ഹോട്ടലിൽ പ്രൗഢമായ തുടക്കം. അരനൂറ്റാണ്ട് പിന്നിടുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കും. മുൻമന്ത്രിയും നിലവിലെ എം.പി.യുമായ എൻ. കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മാധ്യമ രംഗത്തെ മാറ്റങ്ങൾ ശ്രദ്ധിക്കണം: എൻ.കെ. പ്രേമചന്ദ്രൻഉദ്ഘാടന പ്രസംഗത്തിൽ, ആധുനിക മാധ്യമ പ്രവർത്തനരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഊന്നിപ്പറഞ്ഞു. “വായന മരിക്കുകയാണ് എന്ന് പലരും വിലപിക്കുന്ന കാലത്തും ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണം അരനൂറ്റാണ്ട് പിന്നിട്ട് ഇപ്പോഴും വായനക്കാരുടെ കൈകളിൽ എത്തുക എന്നത് മലയാള ഭാഷയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ചരിത്രമാണ്,” അദ്ദേഹം പറഞ്ഞു.മാധ്യമ പ്രവർത്തനത്തിൽ അറിയാനുള്ള ആഗ്രഹം ഹനിക്കപ്പെടാതിരിക്കാനുള്ള ശ്രദ്ധ അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിന് വിശ്വാസ്യതയോടെ ആശ്രയിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ ഇന്നിന്റെ ആവശ്യകതയാണെന്നും, ആ രംഗത്ത് കലാകൗമുദി പുലർത്തുന്ന വിഭിന്നമായ സമീപനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരനൂറ്റാണ്ട് പിന്നിടുന്ന കലാകൗമുദി കേരളത്തിൻ്റെ ബൗദ്ധിക വളർച്ചയിൽ വഹിച്ച പങ്ക് നിസ്തുലമാണ്.പുരസ്‌കാര സമർപ്പണം, പ്രമുഖരുടെ സാന്നിധ്യംവിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾക്ക് ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം.പി. കലാകൗമുദിയുടെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.കലാകൗമുദി കൊച്ചി ബ്യൂറോ ചീഫ് ശ്രീകുമാർ മനയിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ പി. സി. വിഷ്ണുനാഥ്, എം. നൗഷാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ ജഗദീഷ് ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എഴുത്തുകാരനും കലാകൗമുദിയുടെ കൊച്ചി ബ്യൂറോയിലെ മാർക്കറ്റിംഗ് മാനേജരുമായ ജയമോഹൻ സ്വാഗതം ആശംസിച്ചു. കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ബി. വി. അരുൺകുമാർ നന്ദി പ്രകാശിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
മാധ്യമ പ്രവർത്തനത്തിൽ മൂല്യബോധം അനിവാര്യം: കലാകൗമുദിക്ക് 50; ഗോൾഡൻ ജൂബിലിക്ക് കൊല്ലത്ത് തിരിതെളിഞ്ഞു
