സി കെ നായിഡു ട്രോഫിയിൽ കേരളം മികച്ച സ്കോറിലേക്ക്, അഹ്മദ് ഇമ്രാന് സെഞ്ച്വറി

വയനാട്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളം മികച്ച സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 373 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ അഹ്മദ് ഇമ്രാന്റെ പ്രകടനമാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.

ടോസ് നേടിയ പോണ്ടിച്ചേരി കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ അഭിഷേക് ജെ. നായരും എസ്.എസ്. അക്ഷയും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. 24 റൺസെടുത്ത അക്ഷയും മൂന്ന് റൺസെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 86 റൺസെന്ന നിലയിലായിരുന്നു കേരളം.

തുടർന്ന് അഭിഷേക് ജെ. നായരും അഹ്മദ് ഇമ്രാനും ചേർന്ന 174 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. 91 റൺസെടുത്ത അഭിഷേക് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹ്മദ് ഇമ്രാൻ സെഞ്ച്വറി പൂർത്തിയാക്കി. 149 പന്തുകളിൽ 20 ഫോറും മൂന്ന് സിക്സുമടക്കം 150 റൺസ് നേടിയ അഹ്മദ് ഇമ്രാൻ റണ്ണൗട്ടാവുകയായിരുന്നു. കളി നിർത്തുമ്പോൾ 51 റൺസോടെ മുഹമ്മദ് ഇനാനും 11 റൺസോടെ ജിഷ്ണു മണികണ്ഠനുമാണ് ക്രീസിൽ. പോണ്ടിച്ചേരിക്ക് വേണ്ടി രാഹുൽ രാജീവ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *