വയലാർ അനുസ്മരണ പ്രചാരണാർത്ഥം പോസ്റ്റർ രചനാ ക്യാമ്പ് സംഘടിപ്പിച്ചു

പറവൂർ: പതിനഞ്ചോളം വർഗ്ഗ–ബഹുജന, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സാംസ്കാരിക മുന്നണിയുടെ ആഭിമുഖ്യത്തിൽ നവംബർ നാലിന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണത്തിന്റെ പ്രചാരണാർത്ഥം പോസ്റ്റർ രചനാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചുമർചിത്രകലാകാരനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപകനുമായ ഡോ. സാജു തുരുത്തിൽ വയലാർ കവിതകൾക്കൊപ്പം ചിത്രങ്ങൾ വരച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി. ആർ. സത്യൻ അധ്യക്ഷത വഹിച്ചു. എൻ. എസ്. സുനിൽകുമാർ, കെ. വി. ഷീല ടീച്ചർ, എം. കെ. ദേവദാസ്, കെ. കെ. പുരുഷോത്തമൻ, എം. എസ്. രാജേഷ്, ജോഷി എന്നിവർ സംസാരിച്ചു. ദിലീഷ് എ. എസ്. സ്വാഗതവും പി. കെ. രമാദേവി നന്ദിയും പറഞ്ഞു. സജീവൻ കൽപ്പട, എ. കെ. രഞ്ജൻ, മുരളി നടുത്തോപ്പിൽ, അജലകുമാരി, അരുണിമ തുടങ്ങി നിരവധി എഴുത്തുകാരും ചിത്രകാരന്മാരും സാംസ്കാരിക പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.

നവംബർ നാലിന് പറവൂർ അമ്മൻകോവിൽ റോഡിലെ എസ്.എൻ.ഡി.പി. ഹാളിൽ വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനവും കവിതകളുടെയും ഗാനങ്ങളുടെയും ആലാപനവും ദൃശ്യാവിഷ്കാരവും നടക്കും. അനുസ്മരണ സമ്മേളനം എഴുത്തുകാരൻ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്യും. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. വി. കുഞ്ഞുകൃഷ്ണൻ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

വയലാർ കവിതകളിലെ ശാസ്ത്രബോധം എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നവംബർ ഒന്നിന് പറവൂർ കെ. ആർ. ഗംഗാധരൻ സ്മാരക ഹാളിൽ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വയലാർ രാമവർമ്മയുടെ കാവ്യലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കവിതകളിലെ പുരോഗമനപരവും ശാസ്ത്രബോധത്തിലൂന്നിയതുമായ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *