സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി അന്വേഷണത്തിൽ സർക്കാറും ആഭ്യന്തര വകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാറിന്റെ സമീപനത്തെ സുപ്രീംകോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ തന്നെ അത് അവധാനപൂർവം പരിശോധിച്ച് അനാവശ്യ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുകയെന്നതായിരുന്നു സംസ്ഥാന സർക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായാണ്. എന്നാൽ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടൻ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചപ്പോഴാണ് സർക്കാറിന് അത് നടപ്പാക്കേണ്ടി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസ്തുത എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിട്ടില്ലെന്നതാണ് ഇന്നത്തെ വിധിയിലെ പ്രധാന വസ്തുതയെന്നും രമേശ് ചെന്നിത്തല വിവരിച്ചു. സർക്കാറിന്റെ എഫ്.ഐ.ആർ നിയമപരമായി ശരിയാണെന്ന നിലപാടാണ് സുപ്രീംകോടതിക്കുമുള്ളതെന്നാണ് വിധിയിൽ നിന്ന് മനസ്സിലാകുന്നത്. ചുരുക്കത്തിൽ, ഈ കേസിൽ വിജിലൻസിന്റെ എഫ്.ഐ.ആർ അതേപടി നിലനിൽക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പരാതിക്കാരന് തന്റെ വാദങ്ങൾ നിരത്താൻ വേണ്ടിയാണെന്നും മറ്റ് കേസുകളിലെന്ന പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
