ചിറ്റൂർ : മാസങ്ങൾക്ക് മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് അളന്ന കർഷകർക്ക് ഓണത്തിന് മുമ്പ് പണം ലഭിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാളിയതോടെ ഇത്തവണ നെൽകർഷകരുടെ തിരുവോണം നിരാശയിലായി.സപ്ലൈകോയ്ക്ക് നെല്ല് അളന്ന് നാല് മാസം കഴിഞ്ഞിട്ടും മുഴുവൻ കർഷകർക്കും പണം ലഭിച്ചിട്ടില്ല. ഒന്നാം ഗഡു അനുവദിച്ച കർഷകർക്ക് തന്നെ പണം നൽകി പൂർത്തിയായിട്ടില്ല. ജൂൺ 30 വരെ അലോട്ട്‌മെന്റ് ചെയ്ത കർഷകർക്ക് പോലും പണം നൽകി തീർക്കാത്ത അവസ്ഥയാണുള്ളത്. ജൂൺ 30ന് ശേഷം അലോട്ട്‌മെന്റ് ചെയ്തവർക്ക് ഇനി ഓണം കഴിഞ്ഞാലും പണം ലഭിക്കാൻ സാധ്യത കുറവാണെന്ന് കർഷകർ പറയുന്നു.സർക്കാർ സപ്ലൈകോയ്ക്ക് പണം നൽകിയ ശേഷം, കഴിഞ്ഞ വിളയ്ക്ക് വായ്പയായി വാങ്ങിയ നെല്ലിന്റെ പണം തിരിച്ചടച്ചുകഴിഞ്ഞാൽ മാത്രമാണ് കർഷകർക്ക് വീണ്ടും വായ്പ അനുവദിക്കുന്നത്. സർക്കാർ പണം അനുവദിച്ചെന്ന വാർത്ത പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ് നൂറുകണക്കിന് കർഷകർ നിരവധി തവണ ബാങ്കിലെത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു.ഇതിനിടെ 70 വയസ് കഴിഞ്ഞവർക്ക് പാൻ കാർഡ് വേണമെന്ന ബാങ്ക് അധികൃതരുടെ പുതിയ നിബന്ധനയും വൃദ്ധരായ കർഷകരെ, പ്രത്യേകിച്ച് വനിതാ കർഷകരെ, ആശങ്കയിലാക്കിയിട്ടുണ്ട്.സപ്ലൈകോയ്ക്ക് നെല്ല് നൽകുന്ന കർഷകരിൽ 20 ശതമാനം മാത്രമാണ് ആദ്യഘട്ടത്തിൽ കൊയ്ത്ത് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 ശതമാനവും മൂന്നാം ഘട്ടത്തിൽ 40 ശതമാനവും നാലാം ഘട്ടത്തിൽ 10 ശതമാനവും എന്ന കണക്കിലാണ് നെല്ല് സംഭരിക്കുന്നത്. അവസാന ഘട്ടങ്ങളിൽ കൂടുതൽ കൊയ്ത്ത് നടത്തിയ കർഷകർക്കാണ് ചിറ്റൂർ മേഖലയിൽ പണം ലഭിക്കാതെ വരുന്നതെന്ന് കർഷകർ പറഞ്ഞു.ഒന്നാം അലോട്ട്‌മെന്റ് തന്നെ നൽകി തീരാത്ത സാഹചര്യത്തിൽ കർഷകരുടെ കൈയിൽ പണം എത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ചിറ്റൂർ മേഖലയിലെ നെൽകർഷകർ.
നെല്ലളന്നതിന്റെ പണം ഇല്ല
