കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്കെത്തിയപ്പോഴാണ് തൊഴിലാളി കാട്ടാനയുടെ മുന്നിൽപ്പെട്ടതെന്നാണ് വിവരം. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ മുതൽ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തലക്കുളം ഉൾപ്പെടുന്ന ബി.എൽ. റാം മേഖലയിൽ സ്ഥിരമായി കാട്ടാന സാന്നിധ്യമുണ്ട്. ചിന്നക്കനാലിൽ കാട്ടാന ആക്രമണം പതിവായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് ബി.എൽ. റാം. കഴിഞ്ഞ 20 വർഷത്തിനിടെ ഈ മേഖലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. തുടർച്ചയായ കാട്ടാന ആക്രമണങ്ങളിൽ പ്രദേശവാസികളും തോട്ടം തൊഴിലാളികളും കടുത്ത ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *