മധുര: ആരെങ്കിലും ദീപാവലി മധുരം അയച്ചുതരുമോ? വളരെ നിഷ്കളങ്കമായ ചോദ്യത്തോടെ തന്റെ വിലാസവും ഫോണ് നമ്പറും ക്യുആര് കോഡും സഹിതം വീഡിയോ പങ്കുവെച്ച തമിഴ്നാട് മധുര സ്വദേശിയായ കണ്ടന്റ് ക്രിയേറ്റര് വീരമണിക്ക് കിട്ടിയ വമ്പന് പണികളാണ് സാമൂഹ്യ മാധ്യമങ്ങളില് ഇപ്പോള് ട്രോളുകളായി നിറയുന്നത്.
സ്വന്തം വിലാസത്തിലേക്ക് സി.ഒ.ഡി ഓര്ഡറുകള് കൂട്ടമായി ഒഴുകിയെത്തിയതോടെ വീട് പൂട്ടി താല്ക്കാലികമായി മറ്റൊരിടത്തേക്ക് താമസം മാറിയിരിക്കുകയാണ് വീരമണി.
രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വീരമണി, ആഘോഷവേളയില് ആരാധകര് സ്നേഹത്തോടെ എന്തെങ്കിലും പലഹാരങ്ങള് അയച്ചുതരുമെന്ന് കരുതിയാണ് തന്റെ വീട്ടു വിലാസവും ഫോണ് നമ്പറും ക്യുആര് കോഡും സഹിതം വീഡിയോ പങ്കുവെച്ചത്. എന്നാല് ആരാധകരെ വിശ്വസിച്ച് മേല്വിലാസം പങ്കുവച്ച അദ്ദേഹത്തിന് സമ്മാനിച്ചത് വലിയൊരു സൈബര് പ്രാങ്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും കടുത്ത മാനസിക സംഘര്ഷവുമാണ്.
ആദ്യം ചില മധുരപലഹാരങ്ങളും സമ്മാനങ്ങളും അദ്ദേഹത്തെ തേടിയെത്തിയെങ്കിലും, പിന്നീട് കാര്യങ്ങള് തമാശക്കപ്പുറം കൈവിട്ടുപോവുകയായിരുന്നു. വീരമണിയെ വട്ടംകറക്കാനും പ്രാങ്ക് ചെയ്യാനും തീരുമാനിച്ച ചില ഫോളോവേഴ്സ് അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് വന്തോതില് ക്യാഷ് ഓണ് ഡെലിവറി (COD) ഓര്ഡറുകള് അയച്ചുതുടങ്ങി. ലഡുവിനും ജിലേബിക്കും പകരം എല്ഇഡി ടിവി, റഫ്രിജറേറ്റര്, പലതരം ഭക്ഷണസാധനങ്ങള്, വീട്ടുപകരണങ്ങള് തുടങ്ങി വിവിധ സാധനങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടുപടിക്കല് ഡെലിവറിക്കെത്തിയത്. ഇതിനിടയില് 70 കോടി രൂപ വിലമതിക്കുന്ന ടി-90 എസ് സൈനിക ടാങ്കും പിഎസ്എല്വി റോക്കറ്റും ലോറികളും ജെസിബികളും വരെ ഓര്ഡര് ചെയ്യപ്പെട്ടതായി സമൂഹമാധ്യമങ്ങളില് ട്രോളുകളും വ്യാപകമായി പ്രചരിച്ചു. വീട്ടുമുറ്റത്തെത്തിയ ഡെലിവറി സാധനങ്ങള് കാണിച്ച് ആദ്യം വീഡിയോ ചെയ്ത വീരമണി ഒടുവില് അപേക്ഷയുടെ രൂപത്തിലായി വിവരണങ്ങള്.
തുടര്ച്ചയായി വ്യാജ ഓര്ഡറുകള് എത്തിയതോടെ വീരമണിയുടെ വീടിന് മുന്നില് ഡെലിവറി ജീവനക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സാധനം സ്വീകരിച്ച് പണം നല്കേണ്ടത് വീരമണിയായതിനാല്, വലിയ തുക നല്കാനാകാതെയും ഇത്രയധികം സാധനങ്ങള് എന്തുചെയ്യണമെന്നറിയാതെയും അദ്ദേഹം പൂര്ണ്ണമായും പെരുവഴിയിലായി. ഇത് അദ്ദേഹത്തിന് വലിയ മാനസിക സമ്മര്ദ്ദമാണ് ഉണ്ടാക്കിയത്. ഈ ക്രൂരമായ പ്രാങ്കുകള് അവസാനിപ്പിക്കണമെന്ന് അഭ്യര്ത്ഥിച്ച് വീരമണി കണ്ണീരോടെ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചെങ്കിലും ട്രോളന്മാര് അടങ്ങിയില്ല. ഒടുവില് സ്ഥിതി വഷളായതോടെ വീട് പൂട്ടി താല്ക്കാലികമായി മറ്റൊരിടത്തേക്ക് മാറിത്താമസിക്കാന് ഈ ഇന്ഫ്ലുവന്സര് നിര്ബന്ധിതനാവുകയായിരുന്നു.
ഇതിനിടെ വൃക്ക സൗജന്യമായി ദാനം ചെയ്യുമെന്ന പേരിലും വീരമണിയുടെ നമ്പര് ചിലര് പ്രസിദ്ധീകരിച്ചു. പിന്നാലെ നിരവധി ഫോണ്കോളുകള് വീരമണിയുടെ ഫോണിലേക്കെത്തി. മാത്രമല്ല ചിലര് വീരമണിയുടെ പോസ്റ്റര് പൊതുഇടങ്ങളില് പതിച്ചു. മറ്റുചിലര് വീരമണിയുടെ ഫോണ് നമ്പര് പൊതുശൗചാലയങ്ങളുടെ ചുവരുകളില് ഒരു സ്ത്രീയുടെ പേര് ചേര്ത്ത് എഴുതിവച്ചു. പ്രാങ്കുകള് അതിരുവിട്ടതോടെ കണ്ണീരോടെ ഇക്കാര്യം വിവരിച്ച് വീരമണി അപേക്ഷയുമായെത്തി.
ഒരു തമാശക്കായി ചെയ്ത കാര്യം ഒരു വ്യക്തിയെയും സാധാരണക്കാരായ ഡെലിവറി ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന തരത്തിലേക്ക് മാറി. സാധനങ്ങള് എത്തിച്ച ഡെലിവറി തൊഴിലാളികള്ക്കും ഇത് വലിയ ബുദ്ധിമുട്ടുകള് സൃഷ്ടിച്ചു. സൗജന്യ സമ്മാനങ്ങള്ക്കും ലൈക്കുകള്ക്കും വേണ്ടി സ്വന്തം വിലാസവും ഫോണ് നമ്പറും പരസ്യപ്പെടുത്തുന്നവര്ക്ക് കനത്ത മുന്നറിയിപ്പാണ് ഈ സംഭവം നല്കുന്നത്. സോഷ്യല് മീഡിയയിലെ ഇത്തരം അതിരുവിട്ട കളികള് വെറുതെ വിടാന് നിയമം അനുവദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
