ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി എസ് സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു. അന്വേഷണത്തോട് പി എസ് സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതേസമയം, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പി എസ് സി വാദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദ് ചെയ്യണമെന്ന പിഎസ്‍സിയുടെ ഹർജിയിൽ പിഎസ്‍സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥിയെ കക്ഷിയാക്കി.
ആസൂത്രണ ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ പിഎസ്‍സി വരുത്തിയ ഗുരുതര വീഴ്ചകൾ വ്യക്തമാക്കിയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് നൽകിയത് ഒക്ടോബർ ആദ്യമാണ്. കേസിൽ പ്രധാന പ്രതികളെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും എന്താണ് തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണത്തെ എതിർത്ത് പിഎസ്‍സി നൽകിയ ഹർജിയിൽ കോടതി ഒരു ഉത്തരവും നൽകിയിട്ടില്ല. അന്വേഷണത്തിന് ഒരു തടസ്സവുമില്ല. പിഎസ്‍സി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചപ്പോൾ കൊലക്കേസിൽ പ്രതി സഹകരിച്ചില്ലെങ്കിൽ എന്താണ് ചെയ്യാറുള്ളത് എന്ന് കോടതി ചോദിച്ചു. അത് നിങ്ങൾക്ക് ചെയ്യാമല്ലോ എന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. പ്രധാന പ്രതികളെ ചോദ്യം ചെയ്യാൻ എന്താണ് തടസ്സം എന്ന് ആരാഞ്ഞ കോടതി പിന്നെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ചോദിച്ചു.
