വിപിഎസ് ലേക്ഷോറിൽ ലോകത്തിലെ ആദ്യ എൻഡോ-റോബോട്ടിക് ശസ്ത്രക്രിയ

Kerala

കൊച്ചി: അന്നനാളത്തിന്റെ തുടക്കഭാഗത്തെ കാൻസറിന് ലോകത്ത് ആദ്യമായി എൻഡോ-റോബോട്ടിക് സർജറി വിജയകരമായി നടത്തി വിപിഎസ് ലേക്ഷോർ ആശുപത്രി. അന്നനാളത്തിന്റെ തുടക്ക ഭാഗത്തു വരുന്ന പോസ്റ്റ് ക്രൈകൊയ്ഡ് (Post Cricoid) ഭാഗത്തെ ക്യാൻസറുകൾ ചികിത്സിക്കാൻ അന്നനാളം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് സാധാരണയായി ചെയ്യുന്നത്. ഇത്തരമൊരു കാൻസർ ചികിത്സിക്കാൻ പുതിയൊരു രീതി കണ്ടുപിടിച്ചിരിക്കുകയാണ് വിപിഎസ് ലേക്ഷോറിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി, മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ.

75 വയസ്സുള്ള പാലക്കാടുകാരിയായ ദേവകിയമ്മയ്ക്ക് അന്നനാളത്തിന്റെ തുടക്ക ഭാഗത്തുള്ള പോസ്റ്റ് ക്രൈകൊയ്ഡ് ഭാഗത്തെ ക്യാൻസർ ആയിരുന്നു. തുടക്കത്തിൽ ഇതിനായി റേഡിയേഷൻ ചികിത്സ നടത്തിയെങ്കിലും ക്യാൻസർ മാറിയില്ല . ഇതിനെ തുടർന്ന് ഫുൾ ബോഡി സ്കാൻ എടുത്തു നോക്കിയപ്പോൾ മറ്റു ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടില്ല എന്ന് ബോധ്യമായി.

സാധാരണഗതിയിൽ ഈ അവസ്ഥയിൽ തൊണ്ടയും അന്നനാളവും നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് എടുത്ത ടിഷ്യു കൊണ്ട് അന്നനാളം പുനർനിർമ്മിക്കുന്ന ശസ്ത്രക്രിയയാണ് ചികിത്സ. ഇത് വളരെ ദൈർഘ്യമേറിയതും രോഗിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതുമായ ശസ്ത്രക്രിയയാണ്. ഇതുവഴി സ്വാഭാവികമായി സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള ശേഷി രോഗിക്ക് നഷ്ടപ്പെടുന്നു.

ഈയൊരു പ്രശ്നത്തിന് ഒരു പുതിയ പരിഹാരമാണ് ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി മേധാവി ഡോ. ഷോൺ ടി ജോസഫ്, മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. റോയ് ജെ മുക്കട എന്നിവർ കണ്ടുപിടിച്ചത്.റോബോട്ട് കൊണ്ട് എത്താൻ പറ്റാത്ത, അന്നനാളത്തിലേക്ക് പോകുന്ന ക്യാൻസറിന്റെ ഭാഗം ഗ്യാസ്ട്രോ എൻഡോസ്കോപ്പ് ഉപയോഗിച്ചും മുകളിലുള്ള ഭാഗം റോബോട്ട് സർജറി കൊണ്ടും സമീപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാൻസർ പൂർണമായിട്ടും നീക്കി എന്ന് പാത്തോളജി പരിശോധന വഴി ഉറപ്പുവരുത്തുകയും ചെയ്തു.

ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ പരിക്ക് കവിളിന്റെ ഉൾഭാഗത്തുള്ള ടിഷ്യു ഉപയോഗിച്ച് ഡോക്ടർമാർ പുനർ നിർമ്മിച്ചു. ഇതിനും റോബോട്ടിക് ശസ്ത്രക്രിയ രീതി ഉപകാരപ്പെട്ടു. ഇത്തരം ഒരു പുനർനിർമാണ ശസ്ത്രക്രിയയും പുതിയതാണ്. സർജറിക്ക് ശേഷം രോഗി ആരോഗ്യം വീണ്ടെടുത്ത് വരുന്നു. സംസാരിക്കാനും വെള്ളം കുടിക്കാനും തുടങ്ങി. കുറച്ചു ദിവസത്തെ കൂടി പുനരധിവാസത്തിനുശേഷം രോഗിക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഭക്ഷണം കഴിക്കാൻ പറ്റും എന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. എൻഡോ റോബോട്ടിക്ക് സർജറി ഇത്തരം അസുഖങ്ങളുള്ള രോഗികൾക്കും പുതിയൊരു പരിഹാരം ആവുകയാണെന്ന് ഡോ. ഷോൺ ടി ജോസഫ്, ഡോ. റോയ് ജെ മുക്കട എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *