ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം: മന്ത്രി വീണാ ജോർജ്

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാൻ സാധ്യയുള്ളതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നിൽ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം. ഉറവിട നശീകരണമാണ് ഡെങ്കി/ ചിക്കുൻഗുനിയ/ സിക്ക പനികളെ തടയാനുള്ള പ്രധാന മാർഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബർ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങൾ/ ചിരട്ടകൾ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളിൽ കമിഴ്ത്തി വയ്ക്കുകയോ അവയിൽ മഴവെള്ളം കെട്ടി നിൽക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കുകയോ വേണം.

സ്വന്തം അധീനതയിൽ അല്ലാത്ത ഇടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യങ്ങൾ, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക/ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ആക്രി സാധനങ്ങൾ മൂടി സൂക്ഷിക്കുക. ശേഖരിച്ച് വയ്ക്കുന്ന വെള്ളം അടച്ച് സൂക്ഷിക്കുക. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവർത്തിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗം ചേർന്ന് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കഠിനമായ പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയോടൊപ്പം ഉണ്ടാവാം. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്. മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല. വീട്ടിൽ ആർക്കെങ്കിലും ഡെങ്കിപ്പനി വന്നാൽ അത് ആരോഗ്യപ്രവർത്തകരുടെയോ ആശാവർക്കർമാരുടെയോ ശ്രദ്ധയിൽ കൊണ്ടുവരിക. പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *