ചന്ദ്രയാൻ3 ലാൻഡ് ചെയ്തപ്പോൾ ആലഞ്ചേരിയില്‍(ശ്രീനിലയം) വീട്ടിലും ആഹ്ലാദം

Kerala

കടുത്തുരുത്തി: ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തപ്പോൾ കോതനെല്ലൂരിലെ ആലഞ്ചേരിയില്‍(ശ്രീനിലയം) വീട്ടിലും ആഹ്ളാദം. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായരുടെ കുടുംബ വീട്ടിലാണ് സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സന്തോഷത്തിന്റെ മധുരം പങ്കുവെച്ചത്.

കോതനെല്ലൂര്‍ ശ്രീനിലയത്തില്‍ (ആലഞ്ചേരിയില്‍)പരേതരായ ശ്രീധരന്‍ നായരുടെയും രാജമ്മയുടെയും ഏഴാമത്തെ മകനാണ് ഉണ്ണികൃഷ്ണൻ. ഇപ്പോള്‍ ഇവിടെ താമസിക്കുന്ന ഉണ്ണികൃഷന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ നായരും ഭാര്യ സുമയും മറ്റൊരു സഹോദരന്‍ നവകുമാരാന്‍ നായര്‍, സഹോദരി ശ്രീകുമാരി ഇവരുടെ മകള്‍ സംഗീത പേരക്കുട്ടികളായ കാര്‍ത്തിക്, ഗാഥ തുടങ്ങി കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നാണ് ചന്ദ്രയാന്‍-3 ന്റെ ലാൻഡിംഗ് തത്സമയം കണ്ടത്. വിക്ഷേപണം നടന്ന സമയത്ത് ശ്രീഹരിക്കോട്ടയിലെ സ്പെയ്സ് സെന്ററില്‍ ഇരുന്ന് ഓരോ ചലനവും ശ്രദ്ധിച്ച ഉണ്ണികൃഷ്ണന്‍ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ച ഉടന്‍തന്നെ സാഹോദരങ്ങളും ബന്ധുക്കളുമായി സംസാരിച്ച് സന്തോഷം പങ്കുവെച്ചിരുന്നു. രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്കൊപ്പം തങ്ങളുടെ സഹോദരനായ ഉണ്ണികൃഷ്ണനും പങ്കുചേര്‍ന്നതില്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നു സഹോദരങ്ങള്‍ പറഞ്ഞു. വീട്ടിലെത്തിയവര്‍ക്കും പരിസരവാസികള്‍ക്കുമെല്ലാം സഹോദരങ്ങള്‍ മധുരം നല്‍കി. രാവിലെതന്നെ കോതനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലും എറണാകുളം പേരാണ്ടൂരിലെ കുടുംബ ക്ഷേത്രത്തിലും വഴിപാടുകളും പൂജയും നടത്തിയിരുന്നതായി സഹോദരന്‍ നവകുമാരന്‍ നായര്‍ പറഞ്ഞു.ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണിത്. തിരുവന്തപുരം വി.എസ്.എസ്.സി.യിലാണ് ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണ വാഹനം(എല്‍.വി.എം.-3) തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *