തിരുവനന്തപുരം: അമരവിളയിൽ റിട്ട. എസ്ഐയുടെ വീട് ആക്രമിച്ച സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരെന്ന് പൊലീസ്. റിട്ട. എസ്ഐ ടി എസ് അനിൽ കുമാറിന്റെ വീടാണ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടത്. അനിൽ കുമാറിന്റെ മകളോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കണ്ടാൽ അറിയാവുന്ന ആറ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് എസ്ഐയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ജനൽച്ചില്ലുകളും കാറും അടിച്ചുതകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. വീടിന് പുറത്തെ ലൈറ്റ് ഇട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. മൂന്ന് ബൈക്കിലായി ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് അനിൽകുമാർ പൊലീസിനെ അറിയിച്ചിരുന്നു.
അനിൽകുമാറിൻ്റെ മകൾ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിയാണ്. എബിവിപി പരിപാടികളിൽ പങ്കെടുക്കാത്തതാണ് തന്നോട് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്ന് അനിൽകുമാറിൻ്റെ മകൾ പരാതിപ്പെട്ടിരുന്നു. എബിവിപി പരിപാടികൾക്ക് തന്നെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നതായും റിട്ട. എസ്ഐയുടെ മകൾ പരാതിയിൽ വ്യക്തമാക്കി.