ദോഹ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത ഡോം ഖത്തർ അംഗങ്ങൾ, സ്വമേധയാ രക്തം ദാനം ചെയ്യുമെന്നും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രവർത്തകരും പ്രതിജ്ഞയിൽ പങ്കുചേർന്നു.ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സിദ്ദീഖ് വഴക്കാട് സ്വാഗതം ആശംസിച്ചു. രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനവും ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു.ട്രഷറർ സൗമ്യ പ്രദീപ് നന്ദി രേഖപ്പെടുത്തി. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.ചടങ്ങിൽ സംസാരിച്ച ഡോം ഖത്തർ ഭാരവാഹികൾ രക്തദാനം ആരോഗ്യരംഗത്തിന് വലിയ സഹായമാകുന്നതായും നിരവധി ജീവനുകൾ രക്ഷിക്കാൻ ഇത് സഹായിക്കുന്നതായും പറഞ്ഞു. കൂടുതൽ പേർ സ്ഥിരമായി രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു.ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) യുടെ സഹകരണത്തോടെ ഡോം ഖത്തർ സ്ഥിരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. പ്രവാസി സമൂഹത്തിന്റെ മികച്ച പങ്കാളിത്തത്തോടെ നിരവധി വിജയകരമായ രക്തദാന ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഡോം ഖത്തർ അറിയിച്ചു. രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എല്ലാ ദാതാക്കൾക്കും സംഘടന നന്ദി രേഖപ്പെടുത്തി.
ലോക രക്തദാന ദിനം: രക്തദാന പ്രതിജ്ഞയുമായി ഡോം ഖത്തർ
