നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നു. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും. ഈ വർഷം ഡിസംബർ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ ആധുനിക ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടുകൾ ആക്കും.ജിഎസ്ടി പുനക്രമീകരണം വന്നപ്പോൾ ഉൽപ്പന്നങ്ങൾക്കുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈകോ പൂർണ്ണ തോതിൽ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്പനശാലകളിൽ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയിൽ എത്തിയതിനുശേഷം നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് സപ്ലൈകോ വില്പന ശാലകൾ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ട്.
Related Posts
എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കളമശ്ശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന…
കാഞ്ഞിരത്താനം സെൻ്റ്ജോൺസ് പള്ളിയിൽ കല്ലിട്ട തിരുനാളിന് കൊടിയേറി
കടുത്തുരുത്തി: കാഞ്ഞിരത്താനം സെൻ്റ്ജോൺസ് പള്ളിയിൽ കല്ലിട്ട തിരുനാളിന് കൊടിയേറി.വെള്ളിയാഴ്ച പള്ളി വികാരി ഫാ.ജെയിംസ് വയലിൽ 5.45 ന് ആരാധനയും 6.00 AM ന് വി.കുർബാനയും നടത്തി. തുടർന്ന്…
ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മെസിയ്ക്കായി പുതുക്കിപ്പണിയുന്നു
കൊച്ചി: കലൂര്‍, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മെസിയ്ക്കായി പുതുക്കിപ്പണിയുന്നു. ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഭാവിയില്‍ ഫിഫ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.…
