ദോഹ : ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) റെയിൽവേ പദ്ധതി 2030 ഡിസംബറിൽ പൂർത്തിയാകുമെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഫഹദ് അൽ ഷബ്‌റാമി വ്യക്തമാക്കി. ജിസിസി അംഗരാജ്യങ്ങൾ ദീർഘകാലമായി കാത്തിരിക്കുന്നതാണ് ഗൾഫ് റെയിൽവേ പദ്ധതി. ഇത് 2030 ഡിസംബറോടെ പൂർത്തിയാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരുകയാണെന്നും ഗൾഫ് റെയിൽവേ അതോറിറ്റി വ്യക്തമാക്കി. അബൂദബിയിൽ നടന്ന വേൾഡ് റെയിൽ 2025 എക്‌സിബിഷന്റെയും കോൺഗ്രസിന്റെയും രണ്ടാം പതിപ്പിലാണ് ഡയറക്ടർ ജനറൽ ഇക്കാര്യം അറിയിച്ചത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽവേ ശൃംഖല നിർമിക്കുക. ഏകദേശം 2,117 കിലോമീറ്റർ വിസ്തൃതിയുണ്ടാകും.ഗൾഫ് റെയിൽവേ പൂർത്തിയായാൽ മേഖലയുടെ ഗതാഗത രംഗത്തെ പ്രധാന ഘടകമായി മാറും, അറേബ്യൻ ഗൾഫിലുടനീളമുള്ള സാമ്പത്തിക സഹകരണം, വ്യാപാര കാര്യക്ഷമത, യാത്ര എന്നിവ വർധിക്കും. ജിസിസിയിലുടനീളമുള്ള പ്രധാന തുറമുഖങ്ങളും ലോജിസ്റ്റിക്‌സ് ഹബ്ബുകളും ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കപ്പെടും. ഇത് ചരക്കുനീക്കത്തിന് സൗകര്യമൊരുക്കുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും.വ്യാപാരം വർധിപ്പിക്കുകയും ഗതാഗത ചെലവുകൾ കുറയ്ക്കുകയും ചെയ്യും. അതിർത്തി കടന്നുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതോടെ പ്രാദേശിക സമ്പദ്വ്യവസ്ഥകളിൽ വൻ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജിസിസി റെയിൽവേ 2030 ഡിസംബറിൽ പൂർത്തിയാകും
