മൂത്തകുന്നത്ത് എക്സിറ്റും എൻട്രിയും വേണം ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

പറവൂർ: ദേശീയപാത 66 കടന്നുപോകുന്ന മൂത്തകുന്നം കവലയിൽ എക്സിറ്റും എൻട്രിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ മൂത്തകുന്നത്ത് മുപ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ തീർത്ഥാട കേന്ദ്രങ്ങളുടെ പ്രവേശന കവാടവുമാണ്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ക്ഷേത്രം, വി. തോമാശ്ലീഹാ വന്നിറങ്ങിയ മാല്യങ്കര, കിഴക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് തീർത്ഥാടന കേന്ദ്രം, കൊട്ടുവള്ളിക്കാട് ഭഗവതി ക്ഷേത്രം, പള്ളിപ്പുറം പള്ളി തുടങ്ങിയ ഇടങ്ങളിലേക്ക് അനേകം വിശ്വാസികൾ ദിനംപ്രതി കടന്നുപോകുന്നത് മൂത്തകുന്നം വഴിയാണ്. കൂടാതെ ചരിത്ര പ്രാധാന്യമുള്ള പള്ളിപ്പുറം കോട്ട, സഹോദരൻ സ്മാരകം തുടങ്ങി മുസ്‌രിസ് പൈതൃക സംരക്ഷണ കേന്ദ്രങ്ങളിലേക്കുള്ള യാത്രികരും ഈ വഴി കടന്നുപോകുന്നു. വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിലൂടെ കടന്നുവരുന്ന വല്ലാർപാടം കണ്ടൈനർ ടെർമിനലിൽ നിന്നുള്ള വാഹനങ്ങളും, വൈപ്പിൻ മുനമ്പം ഹാർബറുകളിൽ നിന്നുള്ള വാഹനങ്ങളും എൻഎച്ച് 66 ലേക്ക് പ്രവേശിക്കുന്ന പ്രധാന സ്ഥലവും മൂത്തകുന്നമാണ്.
ഇങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ ആവശ്യമുന്നയിക്കുന്നത്. മൂത്തകുന്നം എച്ച് എം ഡി പി സഭയ്ക്ക് ദേശീയ പാത അധികൃതരിൽ നിന്ന് ലഭിച്ച രേഖയിൽ നിന്നാണ് മൂത്തകുന്നത്ത് എക്സിറ്റ് എൻട്രി അനുവദിച്ചിട്ടില്ല എന്നുള്ള കാര്യം പുറത്തറിയുന്നത്. ഇതിനെ തുടർന്നാണ് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകർ ഒരുമിച്ചു കൂടി ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
ജന പ്രതിനിധികളും പൗരപ്രമുഖരും സാമുദായിക സാംസ്കാരിക സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും നേതൃത്വം കൊടുക്കുന്നതാണ് ആക്ഷൻ കൗൺസിൽ. ഈ ആവശ്യമുന്നയിച്ച് മൂത്തകുന്നം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഭീമ ഹർജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ആവശ്യം നേടിയെടുക്കുന്നതിന് ജനകീയ സമരമുറകൾക്കു പുറമേ നിയമ നടപടികളും സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഷിജിത് മനോഹർ, സാം കെ എം, എച്ച്എംഡിപി സഭാ പ്രസിഡന്റ് കെ വി ആനന്ദൻ മാസ്റ്റർ, ചെട്ടിക്കാട് പള്ളി വികാരി റവ. ഫാദർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, എച്ച് എം വൈ സഭാ സെക്രട്ടറി ഹരീഷ് കുമാർ, എം ഡി മധുലാൽ, ദീപുലാൽ വി ഡി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *