തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്കായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂരില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി ബസില്‍ യാത്ര നടത്തുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചത് തന്നെ വാര്‍ത്തയാകുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇത്തരമൊരു അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നുണ്ടോ എന്നതാണ് നിലവിലെ സര്‍ക്കാര്‍ ആദ്യം പരിശോധിക്കുന്ന കാര്യമെന്നും മന്ത്രി വ്യക്തമാക്കി.
പെന്‍ഷന്‍കാരെയും കെഎസ്ആര്‍ടിസിയുടെ അവിഭാജ്യ ഘടകമായി കണ്ട് ജീവനക്കാരോടുള്ള അതേ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജോലി ചെയ്തവര്‍ക്ക് പെന്ഷന് ലഭിക്കുക എന്നത് അവരുടെ അവകാശമാണെന്നും, ആ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018-ല്‍ 10.1 ശതമാനം പലിശനിരക്കില്‍ സര്‍ക്കാര്‍ വായ്പയെടുത്ത സാഹചര്യവും അദ്ദേഹം പരാമര്‍ശിച്ചു.
ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസില്‍ എത്തി കാര്യങ്ങള്‍ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വലിയ സംഘങ്ങളായി ഓഫീസിലെത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹം മുന്നോട്ടുവച്ചു. തന്റെ വസതിയിലേക്ക് എത്രപേര്‍ വന്നാലും സ്വാഗതം ചെയ്യുന്നതായും സി.പി. ജോണ്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ പ്രത്യേക കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ ആവശ്യമില്ലെന്നും, എല്ലാ വനിതകള്‍ക്കും സൗജന്യ യാത്ര ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
