പീരുമേട്: തോട്ട മേഖലയിലെ കുട്ടികളുടെ എക ആശ്രയമായ കരടിക്കുഴി എൽ.പി സ്കൂൾ അധ്യാപകരും കുട്ടികളും കുരങ്ങൻമാരെ കൊണ്ട് പൊറുതിമുട്ടി. 243 കുട്ടികളും 13 അധ്യപക അനധ്യാപകരുമുള്ള സ്കൂളിൻ്റെ പ്രവർത്തനം കുരങ്ങൻമാർ മൂലം തടപ്പെടുന്നു. രാവിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുമ്പോഴും ഉച്ചഭക്ഷണ സമയത്തുമാണ് കുരങ്ങൻമാരുടെ വിളയാട്ടം. കൂട്ടമായി എത്തുന്ന കുരങ്ങൻ മാർ ഭക്ഷണത്തിനായി കുട്ടികളെ ഭയപ്പെടുത്തി അവതട്ടിയെടുക്കും. പ്രവർത്തന മികവിൽ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്കൂളിലെ കുട്ടികൾ നിർമിച്ച കലാരുപങ്ങളും പൂന്തോട്ടം, പച്ചക്കറി കൃഷി തോട്ടവും ഇവ നശിപ്പിച്ചു. ഓഫിസ്, ക്ലാസ് മുറികൾക്കുള്ളിലും ഇവ വിരാജിക്കുന്നു. വനം വകുപ്പിൽ അധികൃതർ പരാതി നൽകിയെങ്കിലും അവർ കൈമലർത്തുകയാണ്.
എത്രയും വേഗം കുരങ്ങുകളെ തുരത്തി പിഞ്ചുകുഞ്ഞുങ്ങൾക്ക് സമാധാനമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.
