പാലക്കാട്: കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരം അജിത് കുമാർ. ഭാര്യയും മലയാളികളുടെ പ്രിയതാരവുമായ ശാലിനി, മകൻ ആദ്വിക് എന്നിവർക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്രദർശനം. അജിത്തിന്റെ കുടുംബ ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കസവ് മുണ്ടും മേൽമുണ്ടും ധരിച്ച് തനി നാടൻ ലുക്കിലാണ് അജിത്ത് എത്തിയത്. താരത്തിന്റെ നെഞ്ചിലെ ടാറ്റുവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ നെഞ്ചിലെ ടാറ്റൂ ആണ് ആരാധകശ്രദ്ധ നേടിയത്. ദേവീരൂപമെന്നു തോന്നിപ്പിക്കുന്ന ഡിസൈൻ ആണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്. ഊട്ടുകുളങ്ങര ദേവിയുടെ രൂപമാണ് അതെന്നും അജിത്തിന്റെ കുലദേവതയാണ് ഈ ദേവിയെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. അജിത്തിന്റെ പിതാവ് പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്. തിരുവല്ല സ്വദേശിനിയാണ് ശാലിനി.
മുണ്ടുടുത്ത് തനി നാടൻ ലുക്കിൽ അജിത്ത്, ഒപ്പം ശാലിനിയും; പാലക്കാട് ക്ഷേത്രത്തിലെത്തി താരദമ്പതികൾ
