കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. കേസിൽ സിപിഐഎമ്മിന്റെ പങ്ക് കണ്ടെത്തും. സിപിഐഎമ്മിനെ പ്രതിചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങളും കൈമാറും.വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെയാകും നടപടി. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും അറിയിക്കും.കരുവന്നൂരിൽ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് വർഷം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് ഫയലുകളെല്ലാം എൻഫോഴ്സ്മെൻറ് എടുത്തുകൊണ്ട് പോയതിനാലാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നായിരുന്നു സംസ്ഥാന സർക്കാർ പറയുന്നത് . ഈ നിലയിൽ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടിവരുമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. കരുവന്നൂർ ബാങ്കിൽ 324 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ ഡി പറയുന്നത്. ബാങ്ക് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിട്ടില്ല.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; നിർണായക നീക്കവുമായി ഇ ഡി
