ഇൻഡ്യ’ മുന്നണിയുടെ ദേശീയതല പരിപാടികളിൽ നിന്ന് തങ്ങളെ മനഃപൂർവം മാറ്റിനിർത്തുന്നുവെന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ശക്തമായ അതൃപ്തി പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള ഭാവി പരിപാടികളിൽ ലീഗിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിന് ഉറപ്പുനൽകി. നവംബർ 16-ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിംഗ്: എ ജേണി ഓഫ് ലവ്’ പ്രകാശന ചടങ്ങിൽ നിന്ന് മുസ്‌ലിം ലീഗിനെ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലായി പ്രതിഷേധത്തിന് കാരണമായത്. ഇതിന് പിന്നാലെ മുതിർന്ന ലീഗ് നേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ‘ഇൻഡ്യ’ മുന്നണിയിൽ തങ്ങൾക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് ലീഗ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഈ തുടർച്ചയായ അവഗണനകൾക്ക് പിന്നിലെന്നാണ് ലീഗ് നേതൃത്വത്തിന്റെ സംശയം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കെ.സി. വേണുഗോപാലിന്റെ നീക്കങ്ങളെ മുസ്‌ലിം ലീഗ് പിന്തുണച്ചിരുന്നില്ല. ഇതോടെയാണ് ഹൈക്കമാൻഡുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതെന്ന് മുതിർന്ന ലീഗ് നേതാവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് ലീഗിന് വലിയ പ്രാധാന്യം നൽകിയിരുന്ന ഹൈക്കമാൻഡ്, പിന്നീട് ദേശീയതല പരിപാടികളിൽ നിന്നെല്ലാം പാർട്ടിയെ മാറ്റിനിർത്തുകയായിരുന്നു.
ഇതിനിടെ, തങ്ങൾക്കെതിരെ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് മറുപടിയായി എ.പി. അനിൽകുമാർ, ടി. സിദ്ധീഖ് തുടങ്ങി കെ.സി. വേണുഗോപാൽ പക്ഷത്തുള്ള മന്ത്രിമാരെയും എം.എൽ.എമാരെയും ലീഗിന്റെ പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹിഷ്‌കരിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.
