ഏലപ്പാറ–ചിന്നാർ ബംഗ്ലാവ് പടി റോഡ് പൂർത്തിയാക്കാൻ നിവേദനം

പീരുമേട്: മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി ഏലപ്പാറ പഴയ വില്ലേജ് ഓഫീസ് – ചിന്നാർ ബംഗ്ലാവ് പടി റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി രംഗത്ത്. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും അദ്ദേഹം നിവേദനം നൽകി.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ പരാതി നമ്പർ 5058/2025മായി ബന്ധപ്പെട്ട് 2025 സെപ്റ്റംബർ 11-ന് ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച റിപ്പോർട്ടിൽ റോഡ് വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 463/26 പ്രകാരം ഏകദേശം 1.50 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വികസനമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, കമ്മീഷനു മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തോടടുക്കുമ്പോഴും നിർമ്മാണം പൂർണതോതിൽ പൂർത്തീകരിക്കാത്തത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
റോഡ് കേവലം ഗതാഗത സൗകര്യം മാത്രമല്ലെന്നും വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, ഉപജീവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ അവകാശം കൂടിയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. റോഡ് നിർമ്മാണത്തിലെ കാലതാമസം വിദ്യാർത്ഥികൾ, വയോജനങ്ങൾ, രോഗികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
റോഡ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താൻ അടിയന്തര സംയുക്ത പരിശോധന നടത്തുക, ആവശ്യമായ ഫണ്ട് ലഭ്യമാക്കി പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുക, നിർമ്മാണ പൂർത്തീകരണത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക, വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലെ ഉറപ്പുകൾ പ്രാവർത്തികമാക്കി പ്രദേശവാസികളുടെ അടിസ്ഥാന യാത്രാസൗകര്യവും ജീവിതസൗകര്യവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ. ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *