‘പരീക്ഷാ തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിലുള്ള വിരോധം, യോഗ്യതയുള്ളവരെ ‘സംഘി’യാക്കുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കണം’; പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം.ജോണ്‍

കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സണായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. ഉയർന്ന അക്കാദമിക് യോഗ്യതയുള്ള വ്യക്തിയെയാണ് ചെയർമാനായി നിയമിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇടത് അധ്യാപക സംഘടനയിൽ സജീവമായി പ്രവർത്തിച്ച കാലത്തൊന്നും ഡോ. വിനോദ് കുമാറിന് ‘സംഘപരിവാർ ബന്ധം’ കാണാതിരുന്ന പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിനോദ് കുമാർ അനഭിമതനായി മാറിയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മഹാരാജാസ് കോളജിൽ പ്രമുഖ വിദ്യാർഥി സംഘടനയുടെ പ്രമുഖ നേതാവ് എഴുതാത്ത പരീക്ഷയ്ക്ക് പാസാകാൻ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാതെ അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിച്ചതായിരുന്നു അദ്ദേഹം ചെയ്ത “കുറ്റം”. അന്ന് തുടങ്ങിയ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോൾ KCHR നിയമനത്തിൽ അദ്ദേഹത്തിന് സംഘിച്ചാപ്പയടിച്ചു നൽകുന്നതിലേക്ക് എത്തിനിൽക്കുന്നതെന്നും മന്ത്രി റോജി.എം.ജോൺ മറുപടി നൽകി.

കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) തലപ്പത്ത് ആർഎസ്എസ് പ്രചാരകരെ തിരുകിക്കയറ്റുന്നത് പോലെ, കേരളത്തിലും യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന്ഡോ. വിനോദ് കുമാറിൻ്റെ നിയമനത്തെ തുടർന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *